കശ്മീർ|
aparna shaji|
Last Modified ചൊവ്വ, 10 ജനുവരി 2017 (09:38 IST)
'ഒരു പൊറാട്ടയും ചായയുമാണ് പ്രഭാതഭക്ഷണമായി കിട്ടുന്നത്. അച്ചാറോ പച്ചക്കറിയോ പോലുമില്ല. ഉച്ചയ്ക്ക് കിട്ടുന്ന റൊട്ടിക്കൊപ്പം കിട്ടുന്ന ഡാലിന് ഉപ്പും മഞ്ഞളും മാത്രം. ഇതാണ് തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണം.' അതിർത്തിയിൽ കാവൽ നിൽക്കുന്ന ഒരു ജവാന്റെ വാക്കുകളാണിത്. കൊടും ശൈത്യത്തിലും ഇന്ത്യൻ ജനതയ്ക്കായി കാവൽ നിൽക്കുന്ന ജവാന്മാരോടുള്ള അവഗണന തന്നെയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ കാവല്‍നില്‍ക്കുന്ന ഒരു ഭടന്റേതാണ് ഈ വാക്കുകള്‍. ബി എസ് എഫ് ജവാനായ ടി.ബി യാദവ് ഫെയ്‌സ്ബുക്കിലൂടെ തങ്ങള്‍ക്ക് കിട്ടുന്ന ഭക്ഷണമെന്താണെന്നും അതിന്റെ നിലവാരവും വീഡിയോ സഹിതം വിശദീകരിക്കുന്നു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള മൂന്നു വീഡിയോയിലൂടെയാണ് കോണ്‍സ്റ്റബിള്‍ യാദവ് യുദ്ധഭൂമിയിലെ ഭടന്മാരോടുള്ള മോശം പരിചരണത്തെക്കുറിച്ച് വിശദീകരിക്കുന്നത്.
''11 മണിക്കൂറോളം പ്രതികൂല കാലാവസ്ഥയില്‍ കാവല്‍ നില്‍ക്കേണ്ടവരാണ് ഞങ്ങള്‍. എങ്ങനെയാണ് ഒരു ജവാന് ഇങ്ങനെ ജോലി ചെയ്യാനാകുക. തങ്ങള്‍ക്കായി സര്‍ക്കാര്‍ എല്ലാം വിതരണം ചെയ്യുന്നുണ്ട്. പക്ഷേ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഴുവന്‍ കടത്തുകയാണ്. അധികാരികള്‍ക്കെതിരെ ശബ്ദിച്ചാല്‍ തന്റെ ജീവൻ വരെ അപകടത്തിലാകും' - യാദവ് പറയുന്നു.
ജവാന്റെ ഫെയ്‌സ്ബുക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ആരോപണങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉത്തരവിട്ടു.