ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ചൊവ്വ, 10 ജനുവരി 2017 (11:21 IST)
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം ആദ്യം വന്നത് കേന്ദ്രസര്‍ക്കാരില്‍ നിന്നാണെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. ഇതോടെ ഇക്കാര്യം ആദ്യം നിര്‍ദേശിച്ചത് റിസര്‍വ് ബാങ്കാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റാണെന്നാണ് തെളിയുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട ഈ തീരുമാനത്തിനു പിന്നിലെ യുക്തിയെ ആര്‍ബിഐ അംഗീകരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തീവ്രവാദ പ്രവര്‍ത്തനം, കള്ളനോട്ട്, കള്ളപ്പണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ 500,1000 എന്നീ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന കാര്യം റിസര്‍വ് ബാങ്ക് പരിഗണിക്കണമെന്ന് 2016നവംബര്‍ ഏഴിനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഉയര്‍ന്ന മൂല്യമുള്ള ഈ നോട്ടുകളാണ് കള്ളപ്പണത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും കേന്ദ്രത്തിന്റെ കത്തില്‍ പറഞ്ഞു.
മയക്കുമരുന്ന് കടത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളനോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന പല റിപ്പോര്‍ട്ടുകളുണ്ട്. നമ്മൂടെ അയല്‍രാജ്യമാണ് ഈ കള്ളനോട്ടുകളുടെ ഉറവിടം. രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ കനത്ത ഭീഷണിയാണ് ഇത് ഉയര്‍ത്തുന്നത്. അതിനാലാണ് ഉയര്‍ന്ന മൂല്യമുള്ള ഈ നോട്ടുകള്‍ അസാധുവാക്കുന്നതെന്നും കേന്ദ്രം നിര്‍ദേശിച്ചതായും ആര്‍ ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ഈ നിര്‍ദേശം പരിഗണിക്കാന്‍ തൊട്ടടുത്ത ദിനം ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ചേര്‍ന്നത്. ഇക്കാര്യം സസൂക്ഷ്മം പരിഗണിച്ച ശേഷമാണ് കേന്ദ്രത്തിന്റെ ഈ നിര്‍ദേശം അംഗീകരിക്കാന്‍ ആര്‍ബിഐ ബോര്‍ഡ് തീരുമാനിച്ചത്. ഇതുപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചതെന്നും ആര്‍ബിഐ വ്യക്തമാക്കി.