മംഗള്‍‌യാന്‍ നമ്മെ മറന്നിട്ടില്ല, ഇതാ കൂടുതല്‍ ചിത്രങ്ങള്‍

ബംഗളൂരു| vishnu| Last Modified വെള്ളി, 6 മാര്‍ച്ച് 2015 (14:46 IST)
ഇന്ത്യയുടെ ചൊവ്വാ പര്യവേഷണവാഹനം മംഗള്‍യാന്‍ അയച്ച കൂടുതല്‍ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. മംഗള്‍യാനിലെ മാഴ്‌സ് കളര്‍ ക്യാമറ എടുത്ത ചിത്രങ്ങളാണിവ. ചൊവ്വയില്‍ വന്‍ അഗ്നിപര്‍വതമായ ആര്‍സിയ മോണ്‍സിന്റെ ത്രിമാനചിത്രമാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ ജനുവരി നാലിന് 10707 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് എടുത്ത ചിത്രമാണ് ഇത്. അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ ചിത്രത്തില്‍ വ്യക്തമായി കാണാനാകും.

ചൊവ്വയിലെ വാലിസ് മാരിനെരിസ് തടത്തിന്റെ ക്ലോസപ് ചിത്രമാണ് മറ്റൊന്ന്. 24000 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് ഇതെടുത്തിരിക്കുന്നത്. ചൊവ്വയിലെ ഏറ്റവും വലിയ തടമാണിത്. ഏകദേശം 4000 കിലോമിറ്റര്‍ നീളത്തില്‍ പരന്നു കിടക്കുന്ന ഈ തടത്തിന് 200 കിലോമീറ്റര്‍ വീതിയും ഏഴ് കിലോമീറ്റര്‍ ആഴവുമുണ്ട്.
ഫെബ്രുവരി അഞ്ചിന് എടുത്ത ചൊവ്വയുടെ ഇയോസ് ചാവോസ് റീജിയണാണ് വേറൊന്ന്.

വാലിസ് മാരിനെരിസ് തടത്തിന്റെ കിഴക്കന്‍ ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഏതാണ്ട് 4403 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് ഇതിന്റെ പടമെടുത്തിരിക്കുന്നത്. 220 മീറ്റര്‍ വരെയുള്ള ഭാഗങ്ങള്‍ ഈ ചിത്രത്തില്‍ അപഗ്രഥിക്കാനാകും. ചൊവ്വയുടെ ഭൌമാപരിതലത്തിന്റെ ഭൂപടം നിര്‍മ്മിക്കുന്നതിന് ഈ ചിത്രങ്ങള്‍ ഐ‌എസ്‌ആര്‍‌ഒ‌യ്ക്ക് മുതല്‍ കൂട്ടാകും.

8449 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നെടുത്ത ചൊവ്വയുടെ ഉപരിതലത്തിന്റെ ദൃശ്യം, ചൊവ്വയുടെ വടക്കന്‍ മേഖലയിലെ പൊടിക്കാറ്റിന്റെ ദൃശ്യം. ചൊവ്വയുടെ രണ്ട് സ്വാഭാവിക ഉപഗ്രഹങ്ങളില്‍ ഒന്നായ ഫോബോസിന്റെ ചിത്രം എന്നിവയും ഐ‌എസ്‌ആര്‍‌ഒ പുറത്ത് വിട്ടിട്ടുണ്ട്. ഇവ നേരത്തേയും പുറത്തുവിട്ടിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :