രേണുക വേണു|
Last Modified വെള്ളി, 17 ഡിസംബര്‍ 2021 (08:23 IST)
അനുജത്തിയുടെ വിവാഹത്തിനു മുന്‍പ് പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കളും നാട്ടുകാരും കുറ്റപ്പെടുത്തിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഭര്‍ത്താവ് മരിച്ചതറിഞ്ഞ് മനോവിഷമത്തില്‍ 21 കാരിയായ ഭാര്യയും ജീവനൊടുക്കി. മധുര അവണിയാപുരത്താണ് സംഭവം. ഇരുവര്‍ക്കും അഞ്ച് മാസം പ്രായമുള്ള കുഞ്ഞുണ്ട്.
ശിവഗംഗ സ്വദേശിയായ പ്രസാദ് (23), ഭാര്യ മുത്തുമാരി (21) എന്നിവരാണ് മരിച്ചത്. ഇരുവീട്ടുകാരുടെയും എതിര്‍പ്പിനിടെ ഒന്നരവര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയവിവാഹം. തുടര്‍ന്ന് അവണിയാപുരത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞയിടെ ശിവഗംഗയിലെ സ്വന്തം വീട്ടിലേക്കുപോയ പ്രസാദ് ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകള്‍ കാരണം മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മുത്തുമാരിയെയും കുഞ്ഞിനെയും മുത്തുമാരിയുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയി. ഭര്‍ത്താവിന്റെ മരണം യുവതിയെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കി. കഴിഞ്ഞ ദിവസം പ്രസാദിന്റെ ഷര്‍ട്ട് ധരിച്ച് പോക്കറ്റില്‍ ഫോട്ടോയുംവെച്ച് മുത്തുമാരിയും തൂങ്ങിമരിക്കുകയായിരുന്നു.