മുംബൈ|
Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (10:26 IST)
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിപദത്തിലേക്ക് നിരവധി പേരുകളില്‍ ഉയരുന്നതിനിടെ നാടകീയമായ നീക്കവുമായി കേന്ദ്ര ഗതാഗത മന്ത്രിയും ബിജെപി മുന്‍ ദേശീയാധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയും. നാഗ്പൂരുകാരനായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്നാവിസിന് സാധ്യതകള്‍ തെളിഞ്ഞു നില്‍ക്കുമ്പോഴാണ് ഗഡ്കരിയുടെ രംഗപ്രവേശം. ഗഡ്കരിപക്ഷക്കാരായ 40 എംഎല്‍എമാര്‍ അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹവുമായി പരസ്യമായി രംഗത്തെത്തി.
ഫട്നാവിസ്, മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ, ഏക്നാഥ് കഡ്സെ, വിനോദ് താവ്ഡെ എന്നിവര്‍ മുഖ്യമന്ത്രിപദത്തിനായി ശ്രമം നടത്തവെയാണ് ഗഡ്കരിയുടെ പേര് ഉയര്‍ന്നുവരുന്നത്. പങ്കജയും മുഖ്യമന്ത്രിയാകാന്‍ തനിക്ക് യോഗ്യതയുണ്ടെന്ന് അഭിമുഖത്തിലൂടെ തുറന്നടിച്ചിരുന്നു. എന്നാല്‍, ഫട്നാവിസാകണം മുഖ്യനെന്ന നിര്‍ദേശമാണ് ബിജെപി ദേശീയ നേതൃത്വത്തിന് ആര്‍എസ്എസ് നല്‍കിയത്.
ഇതുവരെ, സംസ്ഥാന രാഷ്ട്രീയത്തിലേക്കില്ലെന്നായിരുന്നു ഗഡ്കരി പറഞ്ഞിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച വൈകീട്ടോടെ ഗഡ്കരി മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുധീര്‍ മുങ്കന്‍തീവാറാണ് രംഗത്തുവന്നത്. ഗഡ്കരിപക്ഷക്കാരില്‍ പ്രമുഖനാണ് മുങ്കന്‍തീവാര്‍.
ഗഡ്കരി മുഖ്യമന്ത്രിപദം ഏറ്റെടുക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും എന്നാല്‍, അദ്ദേഹം അതിന് തയാറാകുന്നില്ലെന്നും മുങ്കന്‍തീവാര്‍ പറഞ്ഞു. രാജ്യത്തെ മൊത്തം സേവിക്കുന്നതിനൊപ്പം മഹാരാഷ്ട്രയെയും സേവിക്കേണ്ട ബാധ്യത ഗഡ്കരിക്കുണ്ടെന്നും അദ്ദേഹം ജനങ്ങളുടെ താല്‍പര്യം മാനിക്കണമെന്നും മുങ്കന്‍തുവാര്‍ കൂട്ടിച്ചേര്‍ത്തു.