ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (14:06 IST)
മനോഹര്‍ ലാല്‍ ഘട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ജാട്ട് ഇതര സമുദായത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയാണ് ആര്‍എസ്എസുകാരനായ മനോഹര്‍ലാല്‍ ഖട്ടാര്‍. കര്‍ണാലില്‍ നിന്നുള്ള നിയമസഭാ അംഗമാണ്. അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നീളുകയാണ്. ജാട്ട് ഇതര സമുദായത്തില്‍ നിന്നുള്ള നേതാവ് വേണം ഇത്തവണ മുഖ്യമന്ത്രിയെന്ന ഭൂരിപക്ഷ ആവശ്യം കൂടി പരിഗണിച്ചാണ് ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.
ആര്‍എസ്‌എസ് പ്രവര്‍ത്തകനായാണ് ഘട്ടാര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. മുമ്പ് പലതവണ വിവാദത്തിന് തിരികൊളുത്തിയിട്ടുള്ള നേതാവ് കൂടിയാണ് അദ്ദേഹം. സ്ത്രീവിരുദ്ധപ്രസ്താവനകളുടെ പേരിലായിരുന്നു വിവാദം.
ബിജെപി ജില്ലാ പ്രസിഡന്റ് രാം ബിലാസ് ശര്‍മ്മ, ബിജെപി വക്താവ് ക്യാപ്റ്റന്‍ അഭിമന്യു മുതിര്‍ന്ന നേതാവ് അനില്‍ വിജ് തുടങ്ങിയവരുടെ പേരുകളായിരുന്നു ആദ്യഘട്ടത്തില്‍ ഉയര്‍ന്നു കേട്ടിരുന്നത്. ജാട്ട് സ്വാധീനമേഖലയ്ക്കു പുറത്ത് നഗരമേഖലയില്‍ നിന്നും പിന്നാക്കദളിത് മേഖലകളില്‍ നിന്നും ഇത്തവണ ബിജെപിക്ക് വലിയ പിന്തുണ ലഭിച്ചു. ഈ സാഹചര്യത്തിലാണ് ജാട്ട് ഇതര സമുദായാംഗത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്.
ബിജെപി എംഎല്‍എമാരില്‍ നാല്‍പത് പേരും ജാട്ട് ഇതര സമുദായ അംഗങ്ങളാണ്. ആദ്യമായാണ് ഖട്ടാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നീളുകയാണ്. നിരീക്ഷകരായ രാജ്‌നാഥ് സിംഗും ജെ പി നദ്ദയും മുംബൈയിലേക്കുള്ള യാത്ര മാറ്റിവെച്ചു. ദീപാവലിക്കുശേഷമേ മുംബൈക്ക് പോകൂവെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു. ശിവസേന നിലപാടെടുക്കാത്ത സാഹചര്യത്തില്‍ ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നാവിസ്, പങ്കജ മുണ്ടെ, ഏക്‌നാഥ് ഗഡ്‌സെ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
സര്‍ക്കാര്‍ രൂപീകരണകാര്യത്തില്‍ ബിജെപിക്ക് ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് ആര്‍എസ്എസിന്റെ പ്രതീക്ഷ. എന്‍സിപിയെക്കാള്‍ കാലങ്ങളായി സഖ്യകക്ഷിയായിരുന്ന ശിവസേനയോടാണ് ബിജെപിക്ക് താല്‍പര്യം.