ന്യൂഡല്‍ഹി|
JOYS JOY|
Last Modified ശനി, 12 ഡിസംബര്‍ 2015 (09:57 IST)
നെസ്ലെ ഇന്ത്യയുടെ മാഗി ന്യൂഡില്‍സ് നിരോധനം സംബന്ധിച്ച് സുപ്രീംകോടതി വിശദീകരണം തേടി. നിരോധനം റദ്ദാക്കി മുംബൈ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍, നെസ്ലെ ഇന്ത്യ എന്നിവരില്‍ നിന്ന് സുപ്രീംകോടതി വിശദീകരണം തേടിയിരിക്കുന്നത്.
നിരോധനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ജനവരി 13ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പന്ത് എന്നിവര്‍ പരിഗണിക്കും.
പുതിയ പരിശോധന നടത്തുന്നതിന് നെസ്ലെ കമ്പനി തന്നെ നിര്‍ദേശിച്ച ലബോറട്ടറികളാണ് ഹൈക്കോടതി അനുവദിച്ചതെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അതോറിറ്റി നിയമപ്രകാരമുള്ള പരിശോധനയ്ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.
കൂടാതെ, ഭക്‌ഷ്യസുരക്ഷ പരിശോധനയ്ക്ക് നല്‍കേണ്ട സാമ്പിളുകള്‍ തെരഞ്ഞെടുക്കാനും കമ്പനിക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഹൈക്കോടതിയുടെ ഈ നടപടി പിഴച്ചതാണെന്നും അതോറിറ്റി വ്യക്തമാക്കി.
നെസ്ലെയുടെ ഒമ്പതു ഉത്പന്നങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം ഓഗസ്റ്റ് 13നായിരുന്നു മുംബൈ ഹൈക്കോടതി പിന്‍വലിച്ചത്.