ചെന്നൈ|
jibin|
Last Modified ചൊവ്വ, 30 മെയ് 2017 (17:29 IST)
കശാപ്പിന് കന്നുകാലി വില്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി.
ഹൈകോടതിയുടെ മധുര ബെഞ്ചിന്റേതാണ് വിധി. നാലാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ സെൽവ ഗോമതി നൽകിയ പൊതു താൽപര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ്, ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശമെന്നു ചോദിച്ച ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്കുള്ളിൽ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
ഇക്കഴിഞ്ഞ 26നാണു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതു നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുണ്ടായി. കേരളമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ശക്തമായി പ്രതിഷേധിച്ചത്.
വിഷയത്തിൽ കേരളാ ഹൈകോടതി ഇന്നലെ കേന്ദ്രത്തോട് വിശദീകരണം തേടിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടിജി സുനിൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ വിശദീകരണം തേടിയത്. ഹര്‍ജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.