ബീഫിന് എന്താണ് വില ?; ‘മോര്‍കെല എസ്‌കുലെന്ത’യും മോദിയും വീണ്ടും ചര്‍ച്ചാ വിഷയമാകുന്നു

ബീഫിന് എന്താണ് വില ?; ‘മോര്‍കെല എസ്‌കുലെന്ത’യും മോദിയും വീണ്ടും ചര്‍ച്ചാ വിഷയമാകുന്നു

ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 29 മെയ് 2017 (17:16 IST)
കശാപ്പിനായുള്ള കാലിവില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ ജനരോക്ഷം ആളിക്കത്തവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്ഷണക്രമം സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുന്നു.

ഹിമാചല്‍ പ്രദേശില്‍ വളരുന്ന ‘മോര്‍കെല എസ്‌കുലെന്ത’ എന്ന പ്രത്യേകതരം കൂണുകള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളാണ് മോദിയുടെ ആരോഗ്യത്തിന് പിന്നിലെ രഹസ്യമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ സൌജന്യ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളെ സമീപിക്കാന്‍ പ്രധാനമന്ത്രി മാന്‍‌കി ബാതിലൂടെ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭക്ഷണം സംബന്ധിച്ച വാര്‍ത്തയും പുറത്തുവന്നത്.

രാജ്യവ്യാപകമായി കശാപ്പിനായുള്ള കാലിവില്‍പ്പന കേന്ദ്രം നിരോധിച്ചതോടെയാണ് കിലോഗ്രാമിന് 30,000 രൂപ വിലവരുന്ന കൂണുകളെക്കുറിച്ചുള്ള വാര്‍ത്ത വീണ്ടും സോഷ്യല്‍ മീഡിയകളില്‍ സജീവമായത്. ബിജെപിയുടെ ദേശീയ സെക്രട്ടറിയായി ഹിമാചല്‍ പ്രദേശില്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്ന കാലംതൊട്ടേ മോദി ഈ കൂണ്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നു.


ഹിമാചല്‍ പ്രദേശിലെ ഗ്രാമീണരുടെ പ്രധാന വരുമാനമാര്‍ഗ്ഗമാണ് ഈ കൂണുകള്‍. മാര്‍ച്ച് മുതല്‍ മെയ് വരെ കൂണുകള്‍ സംഭരിക്കുകയും തുടര്‍ന്ന് ഉണക്കി വില്‍പ്പന നടത്തുകയുമാണ്. ഇതാണ് വ്യത്യസ്തമായ രീതിയില്‍ മോദിയുടെ ഡൈനിങ് ടേബിളിലേക്ക് എത്തുന്നത്.



ജനത്തിന്റെ ആഹാരക്രമത്തിന് കൂച്ചു വിലങ്ങിട്ട മോദി ഈ ആഡംബര ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്‌ചയ്‌ക്കും തയ്യാറല്ല എന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. ബീഫ് വിഷയത്തില്‍ പ്രതിസന്ധിയിലായ ബിജെപിയെ ആക്രമിക്കാനുള്ള മറ്റൊരു ആയുധമായിട്ടാണ് പ്രധാനമന്ത്രിയുടെ ‘കൂണ്‍ പ്രേമ’ത്തെ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ഭക്ഷണ സ്വാതന്ത്രത്തില്‍ ഇടപെട്ട മോദി സ്വന്തം ആഹാരക്രമത്തില്‍ മാറ്റം വരുത്തില്ലെന്നും, ജനങ്ങളെ എന്തു കഴിപ്പിക്കണമെന്നാണ് അദ്ദേഹം ചിന്തിക്കുന്നതെന്നുമാണ് വിമര്‍ശകര്‍ പറയുന്നതും ചര്‍ച്ച ചെയ്യുന്നതും. കിലോഗ്രാമിന് 30,000 രൂപയുള്ള കൂണ്‍ പ്രധാനമന്ത്രിക്ക് കഴിക്കാമെങ്കില്‍ കിലോയ്‌ക്ക് 260 രൂപ വിലയുള്ള ബീഫ് തങ്ങള്‍ക്കും കഴിക്കാമെന്നാണ് ചിലരുടെ കമന്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :