ബാംഗ്ലൂര്‍|
Last Modified തിങ്കള്‍, 14 ജൂലൈ 2014 (13:24 IST)
ജാമ്യം ലഭിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഇന്നു ജയില്‍മോചിതനായേക്കില്ല. കോയമ്പത്തൂര്‍ കോടതിയില്‍ മഅദനിയുടെ പേരിലുള്ള പ്രൊഡക്ഷന്‍ വാറണ്ട് നീക്കാത്തതാണ് മോചനം വൈകിക്കുന്നത്.
കോയമ്പത്തൂര്‍ പ്രസ്‌ക്ലബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ് മഅദനിക്ക് വാറണ്ടുള്ളത്. ഇന്ന് ഉച്ചക്ക് മൂന്നുമണിക്ക് മാത്രമേ കേസ് പരിഗണിക്കുകയൂള്ളൂ. ഇതിന് ശേഷം കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞേക്കില്ല. കാരണം ഈ ഉത്തരവിന്റെ പകര്‍പ്പ് കൂടി ലഭിച്ചാലേ മോചനം സാധ്യമാകൂ.
അതിനിടെ കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷന്‍ വാറണ്ട് പിന്‍വലിച്ചു. എന്നാല്‍ ജാമ്യവ്യവസ്ഥയില്‍ ബാംഗ്ലൂരില്‍ നിന്ന് പുറത്ത് പോവാന്‍ പാടില്ല എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ പ്രൊഡക്ഷന്‍ വാറണ്ട് പിന്‍വലിക്കണമെന്ന അഭിഭാഷകന്റെ അഭ്യര്‍ഥന കോടതി അനുവദിക്കുകയായിരുന്നു.
അതേസമയം സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പുകളുമായി പിഡിപി നേതാക്കള്‍ ബാംഗ്ലൂരിലെത്തിയിട്ടുണ്ട്. രണ്ട് ജാമ്യക്കാരും മക്കളും മറ്റ് മുതിര്‍ന്ന നേതാക്കളും ബാംഗ്ലൂരില്‍ ക്യാമ്പ് ചെയ്യുകയാണ്.
ജാമ്യത്തിലിറങ്ങുന്ന അബ്ദുല്‍ നാസര്‍
മദനിയ്ക്ക്
നഗരത്തിലെ സ്വകാര്യ ഫ്ലാറ്റിലായിരിക്കും താമസ സൗകര്യം ഒരുക്കുക. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 9 മണിയോടു കൂടി വൈല്‍ഡ്ഫീഡിലുളള സൗഖ്യ ആയുര്‍വേദ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടു പോകാനാണ് തീരുമാനം. സൗഖ്യയില്‍ നടുവേദനയ്ക്കുളള തിരുമ്മല്‍ ചികത്സയാണ് ആദ്യം നടക്കും.ഇതിനിടെ
നഗരത്തിലെ മണിപ്പാല്‍, അഗര്‍വാള്‍ ആശുപത്രികളിലും ചികിത്സ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിക്ക് സുപ്രീംകോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സ്വന്തം ചെലവില്‍ ചികിത്സ നടത്തുന്നതിന് ഒരു മാസത്തേക്കാണു ജാമ്യം. ബാംഗ്ലൂര്‍ വിട്ടുപോകരുതെന്ന കര്‍ശന നിര്‍ദേശമാണ് ജാമ്യത്തിനായി മുന്നോട്ടുവച്ചിരിക്കുന്ന ഉപാധി.