ഒളിച്ചോടാൻ ശ്രമിച്ച കമിതാക്കളെ ഗ്രാമീണര്‍ ജീവനൊടെ കത്തിച്ചു

ഗയ (ബിഹാർ)| VISHNU N L| Last Modified വ്യാഴം, 14 മെയ് 2015 (13:51 IST)
ഗ്രാമത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച കമിതാക്കളെ ഗ്രാമീണര്‍ ജീവനൊടെ കത്തിച്ചു. ഗ്രാമപഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമായിരുന്നു കമിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. ബിഹാറിലെ ഗയ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിക്ക് 16 വയസ്സും യുവാവിന് 36 വയസ്സുമായിരുന്നു പ്രായം.

കൊല്ലപ്പെട്ട യുവാവ് ഗ്രാമത്തിലെ തന്നെ മറ്റൊരു പെൺകുട്ടിയെ നേരത്തെ വിവാഹം ചെയ്തിരുന്നു. ഇതിൽ ഇയാൾക്ക് മൂന്നു കുട്ടികളുണ്ട്. ഭാര്യയെയും കുട്ടികളെയും കാണാൻ ഇയാൾ ഇടയ്ക്കിടയ്ക്ക് ഗ്രാമത്തിൽ എത്താറുണ്ടായിരുന്നു. ഇതിനിടയിലാണ് കൊല്ലപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടര്‍ന്ന് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ആരുമറിയാതെ വീടുവിട്ടിറങ്ങുകയുമായിരുന്നു. എന്നാല്‍ വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ കുടുംബം ഇവരെ കണ്ടെത്തി ഗ്രാമപഞ്ചായത്തിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു.

മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയുടെ കുടുംബം ഇരുവരെയും കണ്ടെത്തിയത്. പഞ്ചായത്തിനു മുന്നില്‍ ഹാജരാക്കിയ ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു ആദ്യം ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ഇതില്‍ പങ്കാളികളായി. തുടര്‍ന്ന് ഇവരുടെ സാന്നിധ്യത്തില്‍ തന്നെ ജീവനൊടെ തീവെച്ചുകൊല്ലാന്‍ പഞ്ചായത്ത് ഉത്തരവിടുകയും അത് നടപ്പിലാക്കുകയുമായിരുന്നു.

സംഭവം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു, സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ മാത്രമാണ് ഇതുവരെ പിടിയിലായത്. പെൺകുട്ടിയുടെ പിതാവുൾപ്പെടെ 15 പേർ ഒളിവിലാണ്. അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :