ന്യൂഡൽഹി|
VISHNU N L|
Last Modified ബുധന്‍, 6 മെയ് 2015 (12:13 IST)
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ബീഹാറില്‍ രാഷ്ട്രീയ വിജയം നേടാന്‍ ജാതികാര്‍ഡിറക്കി പ്രധാനമന്ത്രി നരേന്ദ്ര മൊഡിയുടെ തന്ത്രം. മറ്റു പിന്നാക്ക വിഭാഗങ്ങൾക്കുള്ള(ഒ.ബി.സി.) സംവരണത്തിനുള്ള മേൽത്തട്ടുപരിധി(ക്രീമിലെയർ)ആറു ലക്ഷത്തിൽ നിന്നു പത്തരലക്ഷമാക്കി ഉയർത്താൻ ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചതൊടെയാണ് ബീഹാര്‍ പിടിക്കാനുള്ള മോഡിയുടെ നീക്കം പുറത്ത് വന്നത്. ശുപാർശ അംഗീകരിച്ചാൽ പ്രതിമാസം 83,000 രൂപവരെ വരുമാനം ലഭിക്കുന്ന ഒബിസി വിഭാഗങ്ങൾക്കും സംവരണാനുകൂല്യം ലഭിക്കും. തെരഞ്ഞെടുപ്പിനു മുമ്പ് ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചന.
വിലക്കയറ്റം, ശമ്പളത്തിലും വരുമാനത്തിലുമുണ്ടായ വർധന, പിന്നാക്കവിഭാഗക്കാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് എന്നിവ കണക്കിലെടുത്താണ് പരിധി പത്തരലക്ഷമാക്കാൻ കമ്മീഷൻ ശുപാർശനൽകിയത്. കേന്ദ്ര സർവീസിൽ ഒബിസി വിഭാഗത്തിനു സംവരണം ചെയ്യപ്പെട്ട 27 ശതമാനം തസ്തികകൾ നികത്താൻ മാനദണ്ഡത്തിലും പരീക്ഷകളിലും ഇളവ് അനുവദിക്കണമെന്നും പിന്നാക്ക വിഭാഗ കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിന്നാക്ക വിഭാഗങ്ങളെ ഒപ്പം കൂട്ടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നീക്കത്തിന്റെ ഭാഗമായാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് എതിരാളികള്‍ കാണുന്നത്.
ക്രീമിലയർ പരിധി ഉയർത്തുന്നതിനൊപ്പം മറ്റ് ചില നിർദ്ദേശങ്ങളും കമ്മീഷൻ മുന്നോട്ട് വയ്ക്കുന്നുണ്ട്. പിന്നാക്ക സമുദായക്കാരെ സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ കണക്കാക്കി വിവിധ വിഭാഗങ്ങളായി തിരിക്കണം. ഒരു സംസ്ഥാനത്തുതന്നെ പിന്നാക്കവിഭാഗക്കാരിൽ പലതരക്കാരുണ്ട്. അവരെ കണ്ടെത്താൻ ഒരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ പഠിക്കാൻ അവിടങ്ങളിൽപ്പോയി തെളിവുശേഖരിക്കണം.പിന്നാക്കവിഭാഗ കമ്മീഷന് കൂടുതൽ അധികാരവും ഭരണഘടനാ പദവിയും നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെടുന്നു. നിലവിൽ പട്ടികവർഗ കമ്മീഷന്റെ ഭാഗമായിട്ടാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്.
ഒബിസി വിഭാഗങ്ങൾക്കു മുൻതൂക്കമുള്ള ബിഹാറിൽ മോദിയെ ഒബിസി പ്രധാനമന്ത്രിയായി അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ കാലയളവിൽ ഒബിസികൾക്കു പരിഗണന ലഭിക്കുന്നു എന്നു ചൂണ്ടിക്കാട്ടാനുള്ള തന്ത്രമാണ് ബിജെപി തയ്യാറാക്കുന്നത്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് ഒബിസിക്കുള്ള മേല്‍ത്തട്ടുപരിധി ഗ്രാമപ്രദേശങ്ങളില്‍ ഒന്‍പതുലക്ഷവും നഗരവാസികള്‍ക്കു 12 ലക്ഷവുമാക്കി ഉയര്‍ത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു പരിഗണിക്കാന്‍ തയാറാകാതിരുന്ന മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ മേല്‍ത്തട്ട് പരിധി ആറു ലക്ഷമായി നിജപ്പെടുത്തുകയായിരുന്നു. ഈ നിലപാട് ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ഗസറ്റഡ് ഓഫീസര്‍ തസ്‌തികയിലുണ്ടായിരുന്ന ഉദ്യേഗസ്‌ഥരുടെ കുടുംബങ്ങള്‍ക്കു സംവരണാനുകൂല്യം നഷ്‌ടമാക്കിയതു കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.
ശുപാര്‍ശ മോഡി അംഗീകരിച്ചാല്‍ ഫലത്തില്‍ ഈ പ്രതിഷേധം മാറ്റി അനുകൂലമാക്കാന്‍ ബിജെപിക്ക് സാധിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സമ്പൂർണ്ണ വിജയം നേടിയ സംസ്ഥാനങ്ങളിലൊന്നാണ് ബീഹാർ. എന്നാല്‍ മോഡിക്കെതിരെ എതിരാളികള്‍ ഒന്നിച്ചതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കേണ്ടത് ബിജെപിയുടെ അഭിമാനപ്രശ്നമാണ്. ബീഹാര്‍ പിടിച്ചാല്‍ പിന്നെ സമാന കക്ഷികള്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശും ബിജെപിക്ക് അനായാസം പിടിക്കാനാകും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.