അഭിറാം മനോഹർ|
Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (14:40 IST)
ഡല്‍ഹി മുഖ്യമന്ത്രിയായി ആതിഷി മര്‍ലേന ചുമതലയേറ്റു. ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ആതിഷി മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിലാണ് ഇരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കേജ്രിവാള്‍ തിരിച്ചെത്താനായി കസേര ഒഴിച്ചിടുന്നുവെന്നാണ് ആതിഷിയുടെ പ്രതികരണം.
പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ഏറ്റെടുത്ത ശേഷം ബിജെപിയെ രൂക്ഷഭാഷയിലാണ് ആതിഷി വിമര്‍ശിച്ചത്. ബിജെപിയും ലഫ്; ഗവര്‍ണറും ചേര്‍ന്ന് ഡല്‍ഹിയുടെ വികസനം തടയുകയാണെന്നും എന്നാല്‍ തടസ്സപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ഉടന്‍ പുനരാരംഭിക്കുമെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണെന്നും ആതിഷി വ്യക്തമാക്കി. അരവിന്ദ് കേജ്രിവാള്‍ ജയില്‍ മോചിതനാകാതിരിക്കാന്‍ ബിജെപി ഗൂഡാലോചന നടത്തിയെന്നും എന്നിട്ടും കേജ്രിവാള്‍ തിരിച്ചുവന്നുവെന്നും ആതിഷി പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ സത്യസന്ധത തെളിയിക്കാനാണ് കേജ്രിവാള്‍ രാജിവെച്ചതെന്നും തന്നില്‍ വിശ്വാസം അര്‍പ്പിച്ചതില്‍ കേജ്രിവാളിനോട് നന്ദിയുണ്ടെന്നും ആതിഷി കൂട്ടിചേര്‍ത്തു.