അഭിറാം മനോഹർ|
Last Modified ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (14:04 IST)
വരാനിരിക്കുന്ന ഐപിഎല്‍ സീസണിന് മുന്നോടിയായി എത്ര താരങ്ങളെ ഫ്രാഞ്ചൈസികള്‍ക്ക് നിലനിര്‍ത്താം എന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുകയാണ്. എട്ട് താരങ്ങളെ വരെ നിലനിര്‍ത്താന്‍ അവസരം വേണമെന്നാണ് പല ഫ്രാഞ്ചൈസികളും ആവശ്യപ്പെടുന്നത്. എന്നാല്‍ നിലനിര്‍ത്താന്‍ കഴിയുന്ന താരങ്ങളുടെ എണ്ണം കുറയ്ക്കണമെന്നും ഐപിഎല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്ത ഫ്രാഞ്ചൈസികള്‍ക്ക് അഭിപ്രായമുണ്ട്.
ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും വരാനിരിക്കുന്ന ഐപിഎല്ലില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങള്‍ ആരെല്ലാമാകും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പിന്നാലെ ഇപ്പോഴിതാ ഡല്‍ഹി നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളുടെ പട്ടികയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
റിഷഭ് പന്തിനെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും റിഷഭ് പന്ത് ഡല്‍ഹിയില്‍ തന്നെ തുടരുമെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ ഡല്‍ഹി ആദ്യം നിലനിര്‍ത്തുന്ന താരം പന്താകുമെന്ന് ഉറപ്പാണ്. പന്തിന് പുറമെ കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരെയും ടീം നിലനിര്‍ത്തും. വിദേശതാരങ്ങളില്‍ ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ്, ജേസണ്‍ മക് ഗുര്‍ക് എന്നീ താരങ്ങളെയാകും ഡല്‍ഹി ടീമില്‍ നിലനിര്‍ത്തുക. അണ്‍ക്യാപ്ഡ് താരങ്ങളുടെ പട്ടികയില്‍ അഭിഷേക് പോറലിനെയാകും ഡല്‍ഹി നിലനിര്‍ത്തുക.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഐപിഎല്ലില്‍ ടീമുകള്‍ക്ക് നിലനിര്‍ത്താനാവുന്ന താരങ്ങളുടെ എണ്ണത്തില്‍ തീരുമാനം വരേണ്ടിയിരുന്നത്. എന്നാല്‍ ഇത് നീണ്ടുപോവുകയായിരുന്നു. മെഗാതാരലേലം അടുത്ത് തന്നെ നടക്കേണ്ടതിനാല്‍ ഈ വിഷയത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.