ന്യൂഡൽഹി|
VISHNU N L|
Last Modified ശനി, 6 ജൂണ്‍ 2015 (10:09 IST)
ഭൂമി ഏറ്റെടുക്കൽ ബിൽ സംബന്ധിച്ച പാർലമെന്റ് സംയുക്ത സമിതിയിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യത്തിൽ പ്രതിപക്ഷ കക്ഷികൾക്കിടയില്‍ അഭിപ്രായ ഭിന്നതയെന്ന് സൂചന. ബില്ല് സമിതിയുടെ പരിഗനനയ്ക്ക് വിട്ടതിനിടെ അതേ ബില്ല് വീണ്ടും കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കിയതാണ് പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പിനിടയാക്കിയത്.
സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പ്രതിപക്ഷത്തെ ചില കക്ഷികള്‍ വാദിക്കുന്നു. സമിതിയെ അവഹേളിക്കുന്ന നടപടിയാണ് ഇതെന്ന് അവർ കുറ്റപ്പെടുത്തുന്നു. എന്നാൽ സമിതി ബഹിഷ്കരിക്കാതെ അതിനുള്ളിൽ നിന്ന് എതിർക്കുകയാണു വേണ്ടതെന്നു ചില പ്രതിപക്ഷ കക്ഷികൾ കരുതുന്നു. തിങ്കളാഴ്ചയാണ് സമിതി യോഗം ചേരുന്നത്. കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പ്രതിപക്ഷത്തെ മറ്റു നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്.
ബിജെപിയുടെ എസ്.എസ്. അലുവാലിയ ചെയർപഴ്സൻ ആയ 30 അംഗ സമിതിയിൽ ഭരണപക്ഷത്തിന് 14 അംഗങ്ങളുണ്ട്–11 ബിജെപിക്കാരും സഖ്യകക്ഷികളിൽ നിന്ന് മൂന്നു പേരും. അതു കൊണ്ടു തന്നെ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടക്കാൻ ഭരണപക്ഷത്തിന് കഴിയും. അതേസമയം ഓർഡിനൻസ് വീണ്ടും പുറപ്പെടുവിച്ചതിനെ കേന്ദ്ര സർക്കാർ ന്യായീകരിക്കുന്നു. ബിൽ പാർലമെന്റിന് പാസ്സാക്കാൻ കഴിയാതെ പോയ സാഹചര്യത്തിൽ മുൻ ഓർഡിനൻസുകളുടെ തുടർച്ച നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നു സർക്കാർ പറയുന്നു.