അംഗന്‍വാടി കുട്ടികള്‍ക്ക് മുട്ട നല്‍കേണ്ടെന്ന് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍

ഭോപ്പാല്‍| Last Updated: ചൊവ്വ, 2 ജൂണ്‍ 2015 (14:14 IST)
മധ്യപ്രദേശിലെ ഗോത്ര മേഖലയിലുള്ള മൂന്നു ജില്ലകളിലെ അംഗണവാടികളില്‍ അംഗണവാടി കുട്ടികള്‍ക്ക് മുട്ട നല്‍കാനുള്ള തീരുമാനത്തിന് മധ്യപ്രദേശ് സര്‍ക്കാരിന്റെ വിലക്ക്. സസ്യഭുക്കായ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദേശ പ്രകാരമാണത്രെ നടപടി. താന്‍ മുഖ്യമന്ത്രിയായിരിക്കെ
മുട്ട വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇതിനിടെ, ജൈന സമുദായത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മുട്ടവിരുദ്ധ നിലപാടെന്ന ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ആദിവാസി മേഖലയായ അലിരാജ്പൂര്‍, മാണ്ഡ്‌ല, ഹോശങ്കാബാദ് എന്നീ ജില്ലകളില്‍ അംഗന്‍വാഗി കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ മുട്ട ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി ഇടപ്പെട്ട് തടഞ്ഞത്. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സര്‍വ്വീസസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗണവാടികളിലെ മൂന്നിനും ആറിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആഴ്ച്ചയില്‍ രണ്ടോ മൂന്നോ ദിവസം പ്രഭാത ഭക്ഷണത്തോടൊപ്പം മുട്ടയും നല്‍കണമെന്ന് നിര്‍ദേശിക്കുന്ന കരട് ബില്‍ കഴിഞ്ഞ മാസമാണ് വനിതാ ശിശുക്ഷേമ വകുപ്പ് സര്‍ക്കാരിന് കൈമാറിയത്.

പദ്ധതി സംബന്ധിച്ചു മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍ തന്നെ അദ്ദേഹം അതൃപ്തി അറിയിച്ചിരുന്നതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.കെ. മിശ്ര പറഞ്ഞു. പാലും പഴവും കൂടുതലായി നല്‍കണമെന്നാണ് ചൌഹാന്‍ നിര്‍ദേശിച്ചതെന്നും മിശ്ര പറഞ്ഞു. പോഷകാഹാരത്തിന്റെ കുറവു നികത്തുന്നതിനുള്ള മറ്റു മാര്‍ഗങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :