ന്യൂഡല്‍ഹി|
jibin|
Last Updated:
തിങ്കള്‍, 29 ജൂണ്‍ 2015 (10:07 IST)
ഐപിഎല്‍ മുന്‍ കമ്മീഷ്‌ണര്‍ ലളിത് മോഡി വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്നറിയിപ്പ് നല്‍കി കോൺഗ്രസ്. മോഡി വിഷയത്തില്‍ ബന്ധപ്പെട്ട വിവാദത്തിൽ കുറ്റക്കാരായ മന്ത്രിമാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടും. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന കാര്യത്തില്‍ ഒരു വിട്ടു വീഴ്‌ചയും ഇല്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
‘ലളിത് മോഡിയുമായി ബന്ധപ്പെട്ട അഴിമതിയിൽ പങ്കാളിത്തമുള്ള മന്ത്രിമാർക്കെതിരെ ഉടൻ നടപടിയെടുക്കണം. അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി എവിടെപ്പോയാലും രാജ്യാന്തര തലത്തിലും ദേശീയതലത്തിലും അദ്ദേഹത്തെ പ്രശ്നം വേട്ടയാടും. മോഡിയുടെ രാജിക്കായി മുറവിളി ഉയരും’- രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണവും കള്ളപ്പണക്കാരെയും ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് അധികാരത്തിലെത്തിയപ്പോള്‍ മോഡി നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍. എന്നാല്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. ലളിത് മോഡിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെ ത്തിക്കാന്‍ മോഡി സര്‍ക്കാരിനായില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ ഓരോ മണിക്കൂറിലും തെളിവുകള്‍ പുറത്തു വരികയാണ്. ഇതൊന്നും പ്രധാനമന്ത്രി കാണുന്നില്ലെ ? മുഖ്യമന്ത്രി പദവിയില്‍ നിന്നു വസുന്ധരയെ പുറത്താക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
മൻമോഹൻ സിംഗ് മൗനം പാലിക്കുന്നു എന്നു വിമർശിച്ച നരേന്ദ്ര മോഡി ലളിത് മോഡിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപ്പോൾ മൗനത്തിലാണെന്ന് മുന്‍ മന്ത്രി പി ചിദംബരം പറഞ്ഞു. ഇതേസമയം, മോഡി വിവാദം കോൺഗ്രസ് അനാവശ്യമായി പെരുപ്പിച്ചു കാണിക്കുന്നതായി ബിജെപി ആരോപിച്ചു. വനിതാ നേതാക്കൾക്കെതിരെ വ്യാജമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി അരുൺ സിങ് മഥുരയിൽ പറഞ്ഞു.