നവരാത്രി വൃതമെടുത്ത് രണ്ട് മുസ്ലീം വിദ്യാര്‍ഥികള്‍, ലഖ്‌നൗ സര്‍വകലാശാലയില്‍ നിന്ന് വരുന്നത് മത സൗഹാര്‍ദ്ദത്തിന്റെ വാര്‍ത്തകള്‍

ലഖ്നൗ| VISHNU N L| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (16:15 IST)
രാജ്യത്ത് മതത്തിന്റെ പേരില്‍ അസഹിഷ്ണുത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മത സൗഹാര്‍ദ്ദത്തിന് ഉത്തമ മാതൃകയുമായി ലഖ്‌നൗ സര്‍വകലാശാലയിലെ രണ്ട് മുസ്ലീം വിദ്യാര്‍ത്ഥികള്‍. ഹൈന്ദവ സംസ്കാരത്തിന്റെ പ്രധാന ആഘോഷമായ നവരാത്രി ഉത്സവത്തിന് വ്രതമനുഷ്ഠിക്കുകയാണ് ലഖ്നൗ സർവകലാശാലയിലെ സഹദുദ്ദീൻ അഹമ്മദ് സമീറും സുഹൃത്ത് അബ്ദുൾ കലീമും .

നവരാത്രിയുടെ ആദ്യദിനവും അവസാന ദിനവും വ്രതമനുഷ്ഠിക്കാനാണ് സുഹൃത്തുക്കൾ രുമാനിച്ചിരിക്കുന്നത്. എല്‍എല്‍ബി ബിരുദധാരിയായ സമീര്‍ നിലവില്‍ ലഖ്‌നൗ സര്‍വകലാശാലയില്‍ അറബ് കള്‍ച്ചര്‍ വിദ്യാര്‍ത്ഥിയാണ്. രണ്ടാംവര്‍ഷ ബി.എ വിദ്യാര്‍ത്ഥിയാണ് ഒപ്പം ഉപവാസം അനുഷ്ഠിച്ച കലീം. ഉപവാസം അനുഷ്ഠിച്ചതിനു പുറമേ സഹപാഠികള്‍ക്ക് പഴങ്ങളും നവരാത്രി സ്‌പെഷ്യല്‍ പലഹാരങ്ങളും വിതരണം ഇവര്‍ ചെയ്തു. സര്‍വകലാശാല ഹോസ്റ്റലിലെ ഹിന്ദു സുഹൃത്തുക്കള്‍ക്കൊപ്പം ഭക്തിഗാനങ്ങള്‍ ആലപിക്കുകയും ആരതി നടത്തുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിന്ദുക്കളും മുസ്ലിങ്ങളും തങ്ങളുടെ ഉത്സവങ്ങൾ ഒരുമിച്ചാഘോഷിച്ചാൽ ദാദ്രി പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുകയില്ലെന്ന് സമീർ ചൂണ്ടിക്കാട്ടി . തന്റെ ഗ്രാമത്തിൽ ഹോളിയും ദീപാവലിയും ആരംഭിക്കുന്നത് തന്റെ വീട്ടിൽ നിന്നാണെന്നും സമീർ പറഞ്ഞു. 1965 ലെ ഇന്തോ - പാക് യുദ്ധത്തിൽ ജീവന്‍ ബലി നല്‍കിയ പരംവീര്‍ചക്ര ജേതാവ് അബ്ദുള്‍ ഹമീദിന്റെ അടുത്ത ബന്ധുവാണ് സമീര്‍.

തനിക്ക് പ്രചോദനമേകിയത് അബ്ദുൾ ഹമീദിന്റെ ഭാര്യ റസൂലൻ ബീവിയാണെന്ന് സമീർ പറഞ്ഞു.
ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പര സൗഹാർദ്ദത്തോടെ ജീവിച്ചില്ലെങ്കിൽ രാജ്യത്തിന്റെ ശത്രുക്കൾ അത് മുതലാക്കുമെന്ന് അവർ പറഞ്ഞു തന്നത് സമീർ ഓർമ്മിക്കുന്നു. മതസൗഹാർദ്ദത്തിന് തങ്ങളുടേതായ മാർഗ്ഗം സ്വീകരിക്കുകയാണെന്ന് ലഖ്നൗ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ കലീം വ്യക്തമാക്കി.
മതത്തെ വിഭജനത്തിനായി പലരും ഉപയോഗിക്കുന്നതിൽ തനിക്ക് വിഷമമുണ്ടെന്നും കലീം പറഞ്ഞു .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :