കൊല്‍ക്കത്ത|
JOYS JOY|
Last Modified ശനി, 25 ജൂണ്‍ 2016 (15:01 IST)
ഫോണ്‍ ഉപയോഗം വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ കൊല്‍ക്കൊത്തയിലെ സ്‌കൂളുകളില്‍ ഫോണിന് പച്ചക്കൊടി. വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്നതിനും ഉള്ള വിലക്ക് കൊല്‍ക്കൊത്തയിലെ മൂന്ന് പ്രധാന സ്‌കൂളുകള്‍ നീക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ത്ഥികള്‍ സ്വന്തമായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് കാര്യമായ ആശങ്കകളൊന്നും സ്‌കൂള്‍ അധികൃതര്‍ മുന്നോട്ട് വയ്ക്കുന്നില്ല.
സ്‌കൂള്‍ സമയങ്ങളില്‍ ഫോണ്‍ സൈലന്റ് മോഡില്‍ ആയിരിക്കണം എന്ന ഒരൊറ്റ നിബന്ധന മാത്രമാണ് ഈ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെയ്ക്കുന്നത്. ഭൂരിഭാഗം മാതാപിതാക്കളും സ്‌കൂളിന്റെ നടപടിയെ അനുകൂലിക്കുന്നുണ്ടെങ്കിലും ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും സജീവമാണ്.
ഇതിനിടെ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടാന്‍ മാധ്യമപ്രതിനിധികള്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതാണ് ഈ ഒരു നീക്കത്തിനു പിന്നിലെന്ന് വിദ്യാര്‍ത്ഥികളും പല അപകടങ്ങളും നേരിട്ടേക്കാമെന്നും ഇത്തരം സാഹചര്യത്തില്‍ ഫോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷയാകുമെന്ന് തീരുമാനത്തെ അനുകൂലിക്കുന്ന രക്ഷിതാക്കളും പറയുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് ഈ തീരുമാനം ബാധ്യതയാവുമെന്നാണ് തീരുമാനത്തെ എതിര്‍ക്കുന്നവരുടെ പ്രധാന ആശങ്ക. വിദ്യാര്‍ത്ഥികള്‍ ഫോണ്‍ ദുരുപയോഗം ചെയ്യാനിടയാകുമെന്നും അപരിചിതരുടെ ഫോണ്‍കോളുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും അജ്ഞരാണെന്നും തീരുമാനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.
ഇത്തരം സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഫോണ്‍ ഉപയോഗം നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കില്ലെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വിദ്യാഭ്യാസ നിരീക്ഷകര്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപികരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന സ്‌കൂളുകളില്‍ തന്നെ അനാരോഗ്യകരമായ മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് തീരുമാനത്തെ എതിര്‍ക്കുന്നവരുടെ പക്ഷം.