കൊൽക്കത്ത|
സജിത്ത്|
Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (07:51 IST)
ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.
കൊൽക്കത്ത നഗരത്തിന്റെ വടക്കുഭാഗം ഉൾപ്പെടെ നാദിയ, മുർഷിദാബാദ്, ബർദ്വാൻ ജില്ലകളിലെ 62 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്ങ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിനെതിരെ ഉയര്‍ന്ന വ്യാപകമായ പരാതിയുടെ പശ്ചാത്തലത്തിൽ വൻസുരക്ഷ ഒരുക്കിയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്.
കോൺഗ്രസ്-സിപിഎം സഖ്യം, തൃണമൂൽ കോൺഗ്രസ്, ബി ജെ പി എന്നീ പ്രമുഖ പാർട്ടികൾ തമ്മിലുള്ള മൽസരമാണ് എല്ലാ മണ്ഡലങ്ങളിലും. സി പി എമ്മും കോൺഗ്രസും തമ്മിലുള്ള സഖ്യം ദിനംപ്രതി ശക്തിപ്രാപിക്കുകയും പ്രമുഖനേതാക്കൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തതിനാൽ നല്ല ആത്മവിശ്വാസത്തിലാണ് ഇരുപാർട്ടി നേതാക്കളും അണികളും. 1.37 കോടി വോട്ടർമാരാണു മൂന്നാംഘട്ടത്തിൽ പോളിങ് ബൂത്തുകളിലേക്കെത്തുക.
ആകെ 418 സ്ഥാനാർഥികളാണ് ഉള്ളത്. ഇതില്‍ 34 പേർ വനിതകളാണ്. ബി ജെ പി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ, തൃണമൂൽ കോൺഗ്രസിലെ മന്ത്രിമാരായ ശശി പാഞ്ച, സാധൻ പാണ്ഡെ, സി പി എം നേതാവ് അനിസുറഹ്മാൻ, അഞ്ചുതവണ കോൺഗ്രസ് എം എൽ എയായ എം ഡി സൊറാബ്, റിട്ട ഐ പി എസ് ഉദ്യോഗസ്ഥൻ നസറുൽ ഇസ്‌ലാം എന്നിവരാണ് ഇന്നു മൽസരിക്കുന്ന പ്രമുഖർ. മമത ബാനർജിക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷൻ ഷോകോസ് നോട്ടിസ് നൽകിയതിനെയും ഇതിനു ചീഫ് സെക്രട്ടറി ക്രമവിരുദ്ധമായി മറുപടി അയച്ചതുമെല്ലാം മൂന്നാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണവിഷയമായിരുന്നു.