തിരുവനന്തപുരം|
aparna shaji|
Last Updated:
ചൊവ്വ, 19 ഏപ്രില്‍ 2016 (16:09 IST)
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. എല്ലാവർക്കും ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നതാണ് ഇടതുമുന്നണി ലക്ഷ്യം വെക്കുന്നത്. കാർഷിക, വ്യവസായിക മേഖലകളിൽ വികസനം നടപ്പിലാക്കുക തുടർന്ന വാഗ്ദാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രകടനപത്രിക എൽ ഡി എഫിന്റെ കൺവീനർ വൈക്കം വിശ്വനാണ് അവതരിപ്പിച്ചത്.
സർവ്വകലാശാലകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക, തൊഴിൽ നിയമം അനുസരിച്ച് എല്ലാവർക്കും തൊഴിൽ നൽകുക തുടങ്ങിയ 600 നിർദേശങ്ങളും അതിൽ 35 എണ്ണം എടുത്ത് പറയുകയും ചെയ്യുന്ന രീതിയിലുള്ള പ്രകടനപത്രികയാണ് പുറത്തിറക്കിയത്. പട്ടികജാതി പട്ടികവർഗക്കാരുടെ പൂർണ ഉത്തരവാദിത്വം ഉറപ്പ് വരുത്തുക, കാർഷിക മേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, സംസ്ഥാനത്തെ മൂന്ന് മെഡിക്കൽ കോളേജുകളുടെ നിലവാരം കൂട്ടുക, തൊട്ടടുത്ത വർഷം മുതൽ പെഷൻ വർദ്ധിപ്പിക്കുക, കോടതി ഭാഷ മലയാളമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിരുദം വരെ മലയാളഭാഷ നിർബന്ധമാക്കുക, ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, നോക്കുകൂലിക്കെതിരെ കർശന നിയമ നടപടി, എല്ലാ താലൂക്ക് ആശുപത്രികളിലും അർബുദ പരിശോധനയും ഹൃദയ ശാസ്ത്രക്രീയ സംവിധാനവും, വിവരാവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കുക, അഴിമതി നിർമാർജനം, എല്ലാവർക്കും സമ്പൂർണ ആരോഗ്യ ഇൻഷൂറൻസ്, ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുക, പ്രവാസികൾക്കായി പ്രവാസി വികസന നിധി, സ്ത്രീകൾക്കായി പ്രത്യേക വകുപ്പ്, 1000 പൊതുവിദ്യാലയങ്ങൾ അന്തർദേശീയ നിലവാരത്തേക്ക് ഉയർത്തുക എന്നിവയും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുക്കുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം