ചെന്നൈ|
Last Modified ബുധന്‍, 7 മെയ് 2014 (10:07 IST)
കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനം, ഏഴിമല നാവിക അക്കാദമി എന്നിവ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി ചെന്നൈയില്‍ പിടിയിലായ ഐഎസ്ഐ ഏജന്റ് എന്നു സംശയിക്കുന്ന ശ്രീലങ്കന്‍ സ്വദേശി സാക്കിര്‍ ഹുസൈനിന്റെ മൊഴി.
ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നടന്ന ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ടു ഹുസൈനെ സിബിസിഐഡിയുടെ പ്രത്യേക അന്വേഷണ സംഘവും ചോദ്യംചെയ്തു. ഇയാളില്‍ നിന്നു പിടിച്ചെടുത്ത രേഖകളില്‍ നാവികസേനയുടെ കൊച്ചിയിലെ പരിശീലന കേന്ദ്രം, വെല്ലിങ്ങ്ടണ്‍ ദ്വീപ്, ഏഴിമല നാവിക അക്കാദമി എന്നിവയുടെ ചിത്രങ്ങളും മാപ്പുകളും കണ്ടെത്തിയിട്ടുണ്ട്.
ഇവിടങ്ങളെല്ലാം സന്ദര്‍ശിച്ചാണു ഹുസൈന് ഇതു ശേഖരിച്ചതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇയാള്‍ക്കു കേരളത്തില്‍ സഹായം നല്കിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നു ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥന് പറഞ്ഞു.
സ്വാതന്ത്ര്യദിനത്തില്‍ ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലും ബാംഗൂരിലെ ഇസ്രയേല്‍ കോണ്‍സുലേറ്റിലും ആക്രമണം ലക്ഷ്യമിട്ട് ഇവിടങ്ങളിലെ വിവരങ്ങളും ഹുസൈന് ശേഖരിച്ചിരുന്നു. ഐഎസ്ഐ ബന്ധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്റലിജന്‍സ് ബ്യൂറോയുടെയും റോയുടെയും സഹായവും ക്യൂ ബ്രാഞ്ച് തേടിയിട്ടുണ്ട്.
ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നടന്ന ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ടു ഹുസൈനെ സിബിസിഐഡിയുടെ പ്രത്യേക അന്വേഷണ സംഘവും ചോദ്യംചെയ്തു. എന്നാല്‍, ട്രെയിന്‍ സ്ഫോടനത്തില്‍ ബന്ധമില്ലെന്നാണ് ഇയാള്‍ മൊഴിനല്കിയിരിക്കുന്നത്.
സ്ഫോടനത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ വെല്ലൂരില്‍നിന്നു ചിലര്‍ ഹുസൈനെ ബന്ധപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സാക്കിര്‍ ഹുസൈനെ കഴിഞ്ഞമാസം 29നു ചെന്നൈ മണ്ണടിയില്‍ നിന്നാണു പിടികൂടിയത്.