കിരണ്‍ ബേദി ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

കിരണ്‍ ബേദി, ബിജെപി,  ഡല്‍ഹി
ന്യൂഡല്‍ഹി| vishnu| Last Updated: ചൊവ്വ, 20 ജനുവരി 2015 (08:32 IST)
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കിരണ്‍ ബേദിയെ തെരഞ്ഞെടുത്തു. ദില്ലി ചേര്‍ന്ന ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനം. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കരുതെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

കിരണ്‍ ബേദിയുടെ വരവിനെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയാകുമെന്ന്‌ കരുതപ്പെട്ടിരുന്ന മുതിര്‍ന്ന നേതാവ്‌ ജഗദീഷ്‌ മുഖി എതിര്‍ക്കുകയാണ്‌. പാര്‍ട്ടിയുടെ വെസ്‌റ്റ്‌ ഡല്‍ഹി എം.പി. മനോജ്‌ തിവാരിയും ഇതേ നിലപാടിലാണ്‌. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍നിന്നുള്ള ബിജെപി എം.പിമാര്‍ക്ക്‌ കിരണ്‍ ബേദി ചായസത്‌ക്കാരം ഏര്‍പ്പെടുത്തിയിരുന്നു. പാര്‍ട്ടി ഓഫീസ്‌ വഴിയാണ്‌ കിരണ്‍ ബേദിയുടെ ക്ഷണം എത്തിയതെങ്കിലും തങ്ങളെ വിളിച്ചു വരുത്തുന്നു എന്ന തോന്നലാണ്‌ മിക്കവര്‍ക്കും ഉണ്ടായത്‌.

കൃഷ്ണനഗര്‍ മണ്ഡലത്തിലായിരിക്കും ബേദി മത്സരിക്കുക. കൃഷ്ണനഗര്‍ ബിജെപിയുടെ സുരക്ഷിത മണ്ഡലമാണ്. മണ്ഡലം രൂപീകരിച്ചതിനു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിയാണ് ഇവിടെ ജയിച്ചത്. അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമരത്തില്‍ കെജരിവാളിനൊപ്പം മുന്‍പന്തിയില്‍ നിന്നിരുന്ന വ്യക്തിയായിരുന്നു കിരണ്‍ ബേദി. ഇന്ത്യയിലെ ആദ്യ വനിത ഐപിഎസ് ഓഫീസറാണ്. മാഗ്സസെ അവാര്‍ഡ് ജേതാവായ ഇവര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ബിജെപിയില്‍ ചേര്‍ന്നത്.

അതേസമയം കെജ്‌രിവാളിനെതിരെ ഷാസിയ ഇല്‍മിയെ മത്സരിപ്പിക്കാനാണ്‌ ബിജെപി തീരുമാനിച്ചിരുന്നതെങ്കിലും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന കൃഷ്‌ണ തീരാഥിനെ മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനം. അതേസമയം ബേദി നേരിടേണ്ടത് ആം ആദ്‌മി പാര്‍ട്ടി എംഎല്‍എയും മുന്‍ നിയമമന്ത്രിയുമായ സോമനാഥ്‌ ഭാരതിയെ ആണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :