ഞെട്ടൽ രാഹുൽ ഗാന്ധിക്കും, പ്രചാരണക്കൊടുങ്കാറ്റ് അഴിച്ചുവിട്ടിട്ടും തോറ്റതെങ്ങനെയെന്നറിയാതെ കോൺഗ്രസ്

ജോൺസി ഫെലിക്‌സ്| Last Modified തിങ്കള്‍, 3 മെയ് 2021 (09:21 IST)
ഇത്തവണ പ്രചാരണക്കൊടുങ്കാറ്റ് അഴിച്ചുവിട്ടിട്ടും കോൺഗ്രസ് തോറ്റതെങ്ങനെയെന്നറിയാതെ ഹൈക്കമാൻഡ്. എവിടെയാണ് പിഴച്ചതെന്ന് മനസിലാകാത്തതിന്റെ ഞെട്ടൽ അവർക്ക് ഇനിയും മാറിയിട്ടില്ല. മുമ്പെങ്ങുമില്ലാത്തവിധം അസാധാരണമായ പ്രചാരണ പരിപാടികളായിരുന്നു ഇത്തവണ കേരളത്തിൽ കോൺഗ്രസ് കാഴ്ച വച്ചത്. ഹൈക്കമാൻഡ് പ്രതിനിധികൾ മാസങ്ങൾക്ക് മുമ്പേ കേരളത്തിൽ തമ്പടിച്ച് പ്രചാരണത്തിന് നേതൃത്വം നൽകി.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിലെ മണ്ഡലങ്ങളിൽ വലിയ ആവേശം ഉണർത്തിവിട്ടിരുന്നു. അവർ പങ്കെടുത്ത യോഗങ്ങളിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ആ ആവേശമൊക്കെ വോട്ടായി മാറുമെന്നായിരുന്നു കോൺഗ്രസ് ക്യാമ്പുകളിലെ പ്രതീക്ഷ.

തീരദേശമേഖലകൾ ഇളക്കിമറിച്ചായിരുന്നു കോൺഗ്രസ് പ്രചാരണം നടത്തിയത്. രാഹുൽ കടലിൽ ചാടിയ സംഭവമൊക്കെ വലിയ ചർച്ചാവിഷയമായി. എന്നാൽ കുണ്ടറ മണ്ഡലത്തിൽ മാത്രമാണ് അത്തരം പ്രചാരണങ്ങളുടെ ഫലം അൽപ്പമെങ്കിലും കണ്ടത്.

രാഹുൽ ഗാന്ധിയുടെ നേതൃത്വമികവ് കേരളത്തിലെ പരാജയത്തോടെ കൂടുതൽ ചോദ്യം ചെയ്യപ്പെടും. അടുത്തമാസം പാർട്ടിക്ക് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോൾ രാഹുൽ ഗാന്ധിക്ക് ഈ പരാജയഭാരം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :