ന്യൂഡല്‍ഹി|
VISHNU N L|
Last Modified ബുധന്‍, 22 ജൂലൈ 2015 (11:45 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പരമവഞ്ചകനെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ബ്ലോഗിലൂടെയാണ് കെജ്രിവാളിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഭരണത്തില്‍ ഉണ്ടായെന്ന് പറയുന്ന നേട്ടങ്ങള്‍ എന്തിനാണ് കെജ് രിവാള്‍ ടെലിവിഷന്‍ പരസ്യങ്ങളിലൂടെ അറിയിക്കുന്നതെന്ന് കട്ജു ചോദിച്ചു.
ഈ പരസ്യങ്ങള്‍ക്ക് വലിയ തുകയാണ് ചെലവഴിക്കേണ്ടി വരുന്നതെന്നും ഈ പണം ഡല്‍ഹിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്നും കട്ജു പറഞ്ഞു. ഒരാളുടെ പ്രവര്‍ത്തിയാണ് ഏറ്റവും വലിയ പരസ്യമെന്നും അല്ലാതെ മാദ്ധ്യമങ്ങളില്‍ പരസ്യപ്രചാരണം നടത്തുകയല്ലെന്നും കട്ജു കൂട്ടിച്ചേര്‍ക്കുന്നു.
ജനങ്ങളെ മുതലെടുക്കുന്ന ജനനേതാവായി കെജ്രിവാള്‍ മാറി. കെജ്രിവാളിന്റെ വ്യാമോഹങ്ങളിലകപ്പെട്ടിരുന്ന ആ മിഥ്യയില്‍ നിന്നും മുക്തരായ നിരവധി പേര്‍ തന്നെ വന്നു കാണുന്നുണ്ട്. നേരത്തെ കെജ്രിവാളിന്റെ അനുയായികളായിരുന്നു ഇവരെല്ലാം. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും പുറത്താക്കിയതിലൂടെ തന്റെ പ്രവര്‍ത്തനങ്ങള്‍ ഏകാധിപത്യപരമാണെന്ന് കെജ്രിവാള്‍ കാണിക്കുകയാണ്.
ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബസിയോട് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ മോശമായി പെരുമാറുന്നത് അവരുടെ പരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും ഒരാളെ ബലിയാടാക്കാനും വേണ്ടിയാണെന്നും കട്ജു പറഞ്ഞു.