കെജ്രിവാളിന്റെ സഹോദരിക്ക് അനധികൃത നിയമനം, ആം ആദ്മി സര്‍ക്കാര്‍ വെട്ടില്‍

ന്യുഡല്‍ഹി| VISHNU N L| Last Modified ശനി, 11 ജൂലൈ 2015 (16:21 IST)
എംഎല്‍എമാര്‍ക്കെതിരായ ഭൂമി തട്ടിപ്പ്‌, വ്യാജ ബിരുദ കേസുകള്‍ക്ക്‌ പിന്നാലെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ വെട്ടിലാക്കിക്കൊണ്ട് മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിന്റെ സഹോദരിയുടെ അനധികൃത നിയമനം വിവാദമാകുന്നു. കസിന്‍ സ്വാതി മാലിവാളിനെയാണ്‌ അനധികൃതമായി സെക്രട്ടറിയേറ്റില്‍ നിയമിച്ചത്‌. മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവായാണ്‌ സ്വാതിക്ക്‌ നിയമനം നല്‍കിയത്‌. പ്രതിമാസം ഒന്നര ലക്ഷം രൂപയാണ്‌ കെജ്രിവാള്‍ തന്റെ സഹോദരിക്ക്‌ ശമ്പളം നല്‍കുന്നത്‌.

ദേശീയ മാധ്യമമായ സഞ്ചാര്‍ എക്‌സ്പ്രസാണ്‌ കെജ്രിവാളിന്റെ സഹോദരിയുടെ അനധികൃത നിയമന വാര്‍ത്ത പുറത്തു കൊണ്ടുവന്നത്‌. ശമ്പളത്തിന്‌ പുറമെ ആഡംബര വീട്‌, സര്‍ക്കാര്‍ വാഹനം ഡല്‍ഹി സെക്രട്ടറിയേറ്റ്‌ മന്ദിരത്തില്‍ സ്വന്തം ഓഫീസ്‌ എന്നീ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്‌.
എഎപിയുടെ ഹരിയാനയിലെ നേതാവും പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗവുമായ ജിജ നവീന്‍ ജെയ്‌ഹിന്ദിന്റെ ഭാര്യയാണ്‌ സ്വാതി.

അതിനിടെ കെജ്രിവാളിന്റെ ഭാര്യ ഔദ്യോഗിക വിദേശയാത്രയില്‍ മക്കളെ ഒപ്പം കൂട്ടിയതും വിവാദത്തിലായിരിക്കുകയാണ്‌. ഡല്‍ഹിയില്‍ ഐ.ആര്‍.എസ്‌ ഉദ്യോഗസ്‌ഥയായ സുനിത കെജ്രിവാള്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ആംസ്‌റ്റര്‍ഡാമിലേക്ക്‌ നടത്തിയ ഔദ്യോഗിക യാത്രയിലാണ്‌ മക്കളെ ഒപ്പം കൂട്ടിയത്‌. ജൂണിലായിരുന്നു വിവാദ വിദേശയാത്ര. 1.90 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു ഈ യാത്ര. വിവാദങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷവും കോണ്‍ഗ്രസും നീക്കം തുടങ്ങിയതായാണ് വിവരം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :