കളിക്കാനും ചിലതൊക്കെ പഠിപ്പിക്കാനും ഐ‌എസ്‌എല്ലിലേക്ക് കാര്‍ലോസ് എത്തുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 9 ജൂലൈ 2015 (17:49 IST)
റോബര്‍ട്ടോ കാര്‍ലോസ്, ഈ പേര് അധികം പേരും മറന്നിട്ടുണ്ടാകില്ല. ബ്രസീലിന്റെയും റയല്‍ മഡ്രിഡിന്റെയും പ്രതിരോധ ഭടനായിരുന്ന സ്വതസിദ്ധമായ ഫ്രീകിക്കുകളിലൂടെ 'ബുള്ളറ്റ് മാന്‍' എന്ന ഓമനപ്പേരുള്ള കാര്‍ലോസ് ഐ‌എസ്‌എല്ലിന്റെ കളത്തിലേക്കെത്തുന്നു. ഐ‌എസ്‌എല്‍ ക്ലബ്ബായ
ഡല്‍ഹി ഡൈനാമോസിനായാണ് കാര്‍ലോസ് എത്തുന്നത്. കാര്‍ലോസിനെ മാര്‍ക്വി മാനേജറായും കളിക്കാരനായും കൂടിയാണ് ടീമിലേക്ക് നിയമിച്ചിരിക്കുന്നത്.

ആദ്യ സീസണില്‍ ഡച് കോച്ച് ഹാം വാന്‍ വെല്‍ധോവന്‍െറ പരിശീലനത്തില്‍ കളിച്ച ഡൈനാമോസ് ലീഗില്‍ അഞ്ചാമതാണത്തെിയത്. കാര്‍ലോസിലൂടെ അടുത്ത ഐ‌എസ്‌എല്‍ കിരീടമാണ് ഡല്‍ഹി ലക്ഷ്യമിടുന്നത്. മഞ്ഞപ്പടയുടെ ഈ ഫ്രീകിക്ക് മാന്ത്രികന്‍ ഡല്‍ഹിക്ക് കരുത്തേകാന്‍ എത്തുമ്പോള്‍ കളിക്കളത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കാര്‍ലോസ് ഐ‌എസ്‌എല്ലിലെത്തുന്നതൊടെ ലീഗിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരനാകും. 42 വയസാണ് കാര്‍ലോസിന്റെ പ്രായം.

ബ്രസീല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ്ബാക്കുകളില്‍ ഒരാളായ കാര്‍ലോസ്, ഖത്തര്‍ ക്ളബ്ബായ അല്‍അറബിയില്‍ പരിശീലകനായി ചേരുമെന്നാണ് അഭ്യൂഹമുണ്ടായിരുന്നത്. എന്നാല്‍, ജൂണ്‍ രണ്ടിന് ക്ളബ് വാര്‍ത്ത നിഷേധിച്ചു. തുര്‍ക്കി ക്ളബ് സിവാസ്പര്‍, അഖിസര്‍ ബെലെഡിയെസ്പര്‍ എന്നീ ക്ളബുകളുടെ പരിശീലകനായിരുന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :