ന്യൂഡല്‍ഹി|
vishnu|
Last Modified വെള്ളി, 20 ഫെബ്രുവരി 2015 (16:35 IST)
കശ്മീരില്‍ സഖ്യ സാധ്യതകള്‍ക്കായി പിഡിപിയും ബിജെപിയും ചര്‍ച്ചകള്‍ നടത്തുന്നതിനിടെ താഴ്‌വരയില്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന പ്രത്യേകാധികാര നിയമത്തേക്കുറിച്ച് ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി പിഡിപിയുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ജമ്മു-കശ്മീരിന് നല്‍കിയിരിക്കുന്ന പ്രത്യേക പദവി നിലനിര്‍ത്തുക, സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് പിഡിപി മുന്നോട്ട് വച്ചത്.
എന്നാല്‍ പ്രത്യേക പദവി നിലനിര്‍ത്തുന്ന കാര്യം പരിഗണിക്കാമെന്നും അഫ്സ്പയുടെ കാര്യത്തില്‍ ചര്‍ച്ചയുടെ ആവശ്യം പോലും ഉദിക്കുന്നില്ല എന്നാണ് നായിഡു പറഞ്ഞിരിക്കുന്നത്. പിഡിപി യാഥാര്‍ത്ഥ്യം മനസിലാക്കേണ്ടതുണ്ടെന്നും കശ്മീര്‍ വിഷയം സങ്കീര്‍ണമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. നിയമസഭയില്‍ ഒരുകക്ഷിക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിജെപിയും പിഡിപിയും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഏകദേശ ധാരണ ആയിരുന്നു. എന്നാല്‍ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം പിന്‍വലിക്കുന്ന കാര്യത്തിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ളത്.
അഫ്‌സ്പ പിന്‍വലിക്കുന്നതിനുള്ള തീരുമാനത്തില്‍ സൈന്യവും എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതാണ് നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്. 44 പാക് ഭീകരക്യാമ്പുകള്‍ ഇപ്പോഴും താഴ്‌വരയില്‍ സജീവമാണെന്നും ഏത് സമയത്തും ഭീകരാക്രമണം ഉണ്ടായേക്കാമെന്നും ഉന്നത സൈനിക ഉദ്യേഗസ്ഥര്‍ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ആക്രമണങ്ങള്‍ ഉണ്ടായില്ലെന്ന് കരുതി തിടുക്കത്തില്‍ തീരുമാനം കൈക്കൊള്ളരുതെന്നും സൈന്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.