കശ്മീര്‍ വിഘടനവാദിയുടെ മോചനം; പിഡിപി- ബിജെപി സഖ്യം തകര്‍ച്ചയിലേക്ക്

ശ്രീനഗര്‍| vishnu| Last Modified ഞായര്‍, 8 മാര്‍ച്ച് 2015 (14:24 IST)
കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന ഹുറിയത്ത് നേതാവ് മസ്‌റത്ത് ആലത്തിനെ വിട്ടയച്ചതില്‍ ഭരണകക്ഷികളായ ബി.ജെ.പി യും പി.ഡി.പിയും തമ്മിലുള്ള ഭിന്നത കനക്കുന്നു. പ്രശ്നത്തില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ അടിയന്തര യോഗം ഇന്ന് വൈകിട്ട് ചേരുമെന്ന് സൂചനയുണ്ട്. സഖ്യം തുടരണമോ എന്ന കാര്യത്തില്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടായേക്കും,

2010 ല്‍ കശ്മീര്‍ താഴ് വരയില്‍ രക്തച്ചൊരിച്ചിലിനും 112 പേരുടെ മരണത്തിനുമിടയാക്കിയ ഇന്ത്യാവിരുദ്ധറാലിക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലാണ് ആലത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുസുരക്ഷാപ്രകാരം നാലുവര്‍ഷമായി ബാരമുളള ജയിലിലായിരുന്നു ഇയാള്‍. ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ മുഖ്യമന്ത്രി മുഫ്ത്തി മുഹമ്മദ് സയ്യിദിന്റെ ഉത്തരവുപ്രകാരമാണ് ഇപ്പോള്‍ ജയില്‍ അധികൃതര്‍ ഇയാളെ മോചിപ്പിച്ചത്.

അതേസമയം മുഖ്യമന്ത്രി മുഫ്ത്തി മുഹമ്മദ് സയ്യിദിനെതിരേ ആര്‍എസ്എസ് രംഗത്തെത്തി. മുഫ്ത്തി ഇന്ത്യക്കാരനാണോയെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ചോദിച്ചു. കശ്മീര്‍ തിരഞ്ഞെടുപ്പ് വിജയിപ്പിച്ചതിന് പാക്കിസ്ഥാനും വിഘടനവാദികള്‍ക്കും മുഫ്ത്തി മുഹമ്മദ് നന്ദി രേഖപ്പെടുത്തിയതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്. മോചനവിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മസ്‌റത്ത് ആലം തീവ്രവാദിയാണെന്ന കാര്യം മറക്കരുതെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :