ചരിത്രമെഴുതി കശ്മീരില്‍ പിഡിപി- ബിജെപി സഖ്യകക്ഷി സര്‍ക്കാര്‍ അധികാരമേറ്റു

ജമ്മു| vishnu| Last Modified ഞായര്‍, 1 മാര്‍ച്ച് 2015 (11:57 IST)
മാസങ്ങള്‍ നീണ്ട അനിശ്ചിതത്തിത്തിനൊടുവില്‍ ജമ്മു കശ്മീരില്‍ പിഡിപി- ബിജെപി സഖ്യകക്ഷി സര്‍ക്കാര്‍ അധികാരമേറ്റു. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയിദ് മുഖ്യമന്ത്രിയായും ബിജെപിയിലെ നിര്‍മ്മല്‍സിങ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ജനറല്‍ സൊരാവല്‍ സിങ് ഓഡിറ്റോറിയത്തില്‍ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങിയത്.

ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി ജമ്മുകശ്മീരില്‍ അധികാരത്തിന്റെ ഭാഗമാകുന്നത്. സംസ്ഥാനത്തെ വടക്കന്‍ മേഖലയിലേയും തെക്കന്‍ മേഖലയിലേയും പ്രബലകക്ഷികള്‍ കൈകോര്‍ക്കുന്നുവെന്ന ചരിത്രപ്രാധാന്യവും ഈ സത്യപ്രതിജ്ഞക്കുണ്ട്. ആശയപരമായി വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന രണ്ട് കക്ഷികളാണ് പിഡിപിയും ബി ജെ പിയും. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ സഖ്യം രൂപീകരിച്ചിരിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടി പ്രഖ്യാപിക്കും. രണ്ടു മാസത്തിലധികം നീണ്ട സഖ്യ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. 25 അംഗ മന്ത്രിസഭയില്‍ 12 അംഗങ്ങള്‍ പി.ഡി.പിയില്‍ നിന്നും 11 പേര്‍ ബി.ജെ.പിയില്‍ നിന്നുമാണ്. മുന്‍ വിഘടനവാദിയും പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവുമായ സജ്ജദ് ഗനി ലോണും മന്ത്രിസഭയിലുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം കശ്മീരിലെ മുന്‍ മുഖ്യമന്ത്രി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ചടങ്ങിനെത്തിയില്ല.2002 മുതല്‍ മൂന്നുവര്‍ഷം ജമ്മു കശ്മീര്‍ ഭരിച്ചത് മുഫ്തി മുഹമ്മദ് സയിദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് സംസ്ഥാനം ഭരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :