ന്യൂഡൽഹി|
jibin|
Last Updated:
വെള്ളി, 12 ഓഗസ്റ്റ് 2016 (20:35 IST)
കശ്മീരിലേക്ക് സർവകക്ഷി സംഘത്തെ അയക്കേണ്ടതില്ലെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനമായി. പാക് അധീന കശ്‌മീര്‍ ഇന്ത്യയുടേതാണെന്ന് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഈ മേഖലയിൽ നിന്നുള്ളവരുമായി ചർച്ചതുടങ്ങിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷത്തിന് അയവുണ്ടാക്കാന്‍ കശ്മീരിലെ എല്ലാ വിഭാഗങ്ങളുമായും രാഷ്ട്രീയ കക്ഷികളുമായും ചർച്ച നടത്തുമെന്നും സർവകക്ഷി യോഗം പറഞ്ഞു. കശ്മീരിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു. പെല്ലറ്റ് തോക്കുകളുടെ ഉപയോഗം പിൻവലിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ച് കശ്മീരി ജനതയുടെ വിശ്വാസം ആർജിക്കാൻ കഴിയണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
ദേശസുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. അതിനിടെ, കശ്മീർ വിഷയത്തിൽ ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചു.
ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്ന് കശ്മീരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം പരിഹരിക്കുന്നതിനെക്കുറിച്ച്
ചർച്ച ചെയ്യാനാണ് സർവകക്ഷി യോഗം ചേര്‍ന്നത്.