പ്രതിഷേധം വകവെച്ചില്ല, കൂടംകുളം രാജ്യത്തിന് സമര്‍പ്പിച്ചു; ജയലളിതയ്‌ക്കൊപ്പം മോദിയും പുടിനും

കൂടംകുളം ആണവ വൈദ്യുതി നിലയം ഉദ്ഘാടനം ചെയ്തു

കൂടംകുളം| priyanka| Last Updated: ബുധന്‍, 10 ഓഗസ്റ്റ് 2016 (17:03 IST)
കൂടംകുളം ആണവ വൈദ്യുത നിലയത്തിന്റെ ആദ്യ യൂണിറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും, ജയലളിതയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. നരേന്ദ്രമോദി ഡല്‍ഹിയില്‍ നിന്നും പുടിന്‍ റഷ്യയില്‍ നിന്നും ചെന്നൈയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഉപയോഗിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

റഷ്യന്‍ സാങ്കേതിക വിദ്യയുപയോഗിച്ച് നിര്‍മ്മിച്ച കൂടംകുളം ആണവനിലയത്തിലെ ആദ്യ യൂണിറ്റിന്റെ ഉത്പാദന ശേഷി 1000 യൂണിറ്റ് ആണ്. ആദ്യ യൂണിറ്റ് ജനുവരിയില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും ആണവചോര്‍ച്ചയടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് യൂണിറ്റ് പ്രവര്‍ത്തനം നിര്‍ത്തിവച്ച് അറ്റകുറ്റപ്പണികള്‍ നടത്തി കഴിഞ്ഞ മാസം വീണ്ടും പ്രവര്‍ത്തനക്ഷമമായി.
നിലവില്‍ നാലു യൂണിറ്റുകള്‍ കൂടംകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് 6780 മെഗാവാട്ട് ആണവ വൈദ്യുതിയാണ് കൂടംകുളം ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്.

മുന്‍ പ്രധാമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖേല്‍ ഗോര്‍ബച്ചോവും 1988ല്‍ ഒപ്പുവെച്ച ഉടമ്പടി പ്രകാരമാണ് റഷ്യന്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യയില്‍ ആണവനിലയം സ്ഥാപിക്കാനിടയായത്. കൂടംകുളത്ത് ആണവ നിലയം സ്ഥാപിക്കാനൊരുങ്ങിയപ്പോള്‍ 2011 മുതല്‍ കനത്ത എതിര്‍പ്പും പ്രതിഷേധ പരിപാടികളുമാണ് ഉയര്‍ന്നത്. 2014 ഡിസംബറില്‍ ആദ്യ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :