കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല, വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണം തുടരും

കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല, വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണം തുടരും

ചെന്നൈ| Rijisha M.| Last Modified ഞായര്‍, 29 ജൂലൈ 2018 (10:28 IST)
ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. രക്തസമ്മർദം താഴ്ന്നതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധവിധേയമായിട്ടില്ല. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണം തുടരുമെന്ന് ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആരോഗ്യ പുരോഗതി വിലയിരുത്താൻ കരുണാനിധിക്കൊപ്പം വിദഗ്ധ സംഘമുണ്ട്. പള്‍സ് ശരിയായ രീതിയില്‍ ആണെങ്കിലും മരുന്നുകളോട് ശരീരം പ്രതികരിക്കാത്തതാണ് ആശങ്കയുണ്ടാക്കുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ആരോഗ്യനില തീര്‍ത്തും മോശമായതിനെ തുടര്‍ന്ന് ഗോപാലപുരത്തെ വസതിയില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രിയാണ് കരുണാനിധിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധന നടത്തിയ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനായി കരുണാനിധിയെ വസതിയില്‍ നിന്നും പുറത്തേക്ക് എത്തിക്കുമ്പോഴും
ആംബുലൻസില്‍ കയറ്റുമ്പോഴും മകനും ഡിഎംകെ വർക്കിംഗ് പ്രസിഡന്റുമായ എംകെ സ്റ്റാലിൻ കരഞ്ഞതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

ശാരീരിക അവശതകള്‍ മൂലം 94കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടു നില്‍ക്കുകയാണ്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നു കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റിയിരുന്നു. നഴ്സുമാരുടെയും മെഡിക്കൽ വിദഗ്ധരുടെയും പരിചരണം ലഭിച്ചിരുന്നുവെങ്കിലും ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായതോടെ
ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :