റെയ്‌നാ തോമസ്|
Last Modified വ്യാഴം, 6 ഫെബ്രുവരി 2020 (11:17 IST)
പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ വന്നത് 30 കോടി രൂപ. കർണ്ണാടകയിലെ ചന്നപട്ടണയിലാണ് സംഭവം. കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് അക്കൗണ്ടിൽ പണം എത്തിയതെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം ഇവർ അറിയുന്നത്. ബാങ്കിൽ നിന്നുള്ളവർ വീട്ടിലെത്തി കാര്യം അന്വേഷിച്ചപ്പോഴാണ് പണം അക്കൗണ്ടിൽ എത്തിയ കാര്യം ഇരുവരും അറിയുന്നത്.
ജൻധർ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള ഇവരുടെ അക്കൗണ്ടിൽ മുൻപ് ഉണ്ടായിരുന്നത് 60 രൂപ മാത്രമായിരുന്നു. മാസങ്ങൾക്ക് മുൻപ് ഓൺലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോൾ കമ്പനി എക്സിക്യുട്ടീവ് എന്ന പേരിൽ ഒരാൾ വിളിക്കുകയും കാർ സമ്മാനമായി ലഭിച്ചെന്ന് അറിയിക്കുകയും ചെയ്തു.
ഇത് ലഭിക്കണമെങ്കിൽ 6,900 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ചെവിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടുലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പണമില്ലെന്നും പറഞ്ഞതായി സയിദ് വ്യക്തമാക്കി.
തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇയാൾക്ക് കൈമാറി. 30 കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതിൽ 15 കോടി രൂപ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് മറ്റൊരാൾ പിന്നീട് വിളിച്ചതായി സയിദ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ അക്കൗണ്ട് ഓൺലൈൻ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.