Karnataka Congress Crisis: ജയിച്ചു, തല്ല് തുടങ്ങി; മുഖ്യമന്ത്രി സ്ഥാനത്തിനായി ഇരു വിഭാഗങ്ങള്‍, വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍

ഇന്ന് ചേരുന്ന നിയമസഭാ കക്ഷിയോഗത്തില്‍ ആരായിരിക്കണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും

രേണുക വേണു| Last Modified ഞായര്‍, 14 മെയ് 2023 (15:59 IST)

Karnataka Congress Crisis: കര്‍ണാടക കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹം. മുഖ്യമന്ത്രി ആരായിരിക്കണം എന്നതിനെ ചൊല്ലി രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് അഭിപ്രായ വ്യത്യാസം. പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിനെ അനുകൂലിച്ച് ഒരു വിഭാഗവും മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയെ അനുകൂലിച്ച് മറ്റൊരു വിഭാഗവും രംഗത്തുണ്ട്.

ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ന് ചേരുന്ന നിയമസഭാ കക്ഷിയോഗത്തില്‍ ആരായിരിക്കണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ മൂന്ന് കേന്ദ്ര നിരീക്ഷകരെ ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുണ്ട്. സുശീല്‍ കുമാര്‍ ഷിന്‍ഡെ, ജിതേന്ദ്ര സിങ്, ദീപക് ബാബരിയ എന്നീ കേന്ദ്ര നിരീക്ഷകര്‍ വൈകിട്ട് ബെംഗളൂരുവില്‍ എത്തും.

എംഎല്‍എമാരുടെ എണ്ണത്തില്‍ സിദ്ധരാമയ്യയ്ക്കാണ് മുന്‍തൂക്കമെന്നാണ് സൂചന. നിയമസഭാ കക്ഷിയോഗത്തില്‍ തര്‍ക്കം നീണ്ടുനിന്നാല്‍ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡിന് വിട്ട് പ്രമേയം പാസാക്കും. ശിവകുമാറിന് ഉപമുഖ്യമന്ത്രി പദവി നല്‍കി പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ഹൈക്കമാന്‍ഡ് ശ്രമം. കൂടാതെ അദ്ദേഹം ആവശ്യപ്പെടുന്ന വകുപ്പും പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള അവസരവും നല്‍കിയേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :