തമിഴ്‌നാട് സ്വദേശിയെ സഹപ്രവർത്തകൻ തലയ്ക്കടിച്ചു കൊന്നു

എ കെ ജെ അയ്യര്‍| Last Modified ശനി, 13 മെയ് 2023 (20:03 IST)
കൊല്ലം: ഉറങ്ങിക്കിടന്ന സഹപ്രവർത്തകനായ തമിഴ്‌നാട് സ്വദേശിയെ തലയ്ക്കടിച്ചു കൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര ഇല്ലിയാസ് നഗറിൽ ബാലാജി അപ്പാർട്ട്മെന്റിന് എതിർവശം താമസം മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടു കോട്ടയം കറുകച്ചാൽ സ്വദേശി കണ്ണന്റെ മകൻ ബിജുവിനെ (38) പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പുത്തൻതുറ കൊന്നയിൽ ബാലഭദ്രാ ദേവീക്ഷേത്ര നിർമ്മാണത്തിന് എത്തിയതായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം രാത്രി ഇരുവരും നന്നായി മദ്യപിച്ചിരുന്നു. ഇതിനിടെ ഉണ്ടായ വാക്കേറ്റവും നടന്നു. ഉറങ്ങിക്കിടന്ന മഹാലിംഗത്തിന്റെ തലയിൽ ബിജു കമ്പിവടി കൊണ്ട് അടിച്ചു. തുടർന്ന് ബിജു തന്നെ ആംബുലൻസ് വിളിച്ചു വരുത്തി. ആംബുലൻസ് ജീവനക്കാർ എത്തിയപ്പോഴേക്കും മഹാലിംഗത്തിന്റെ മൃതദേഹമാണ് കണ്ടത്.

തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി ബിജുവിനെ അറസ്റ്റ് ചെയ്തു. മഹാലിംഗത്തിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സ്വദേശമായ മധുരയിലേക്ക് കൊണ്ടുപോയി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :