അഭിറാം മനോഹർ|
Last Modified തിങ്കള്‍, 25 ജൂലൈ 2022 (20:41 IST)
കശ്മീരിലെ കാർഗിലിൽ മെയ് മുതൽ ജൂലൈ മാസം വരെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന യുദ്ധമാണ് കാർഗിൽ യുദ്ധം എന്നറിയപ്പെടുന്നത്. ഇന്ത്യയും പാകിസ്ഥനും തത്വത്തിൽ അംഗീകരിച്ച നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക്
പാകിസ്ഥാൻ പട്ടാളക്കാരും തീവ്രവാദികളും നുഴഞ്ഞുകയറിയതാണ് യുദ്ധത്തിന് കാരാണമായത്.
ഇരു രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ചതിന് ശേഷം നടന്ന ആദ്യ യുദ്ധമെന്ന നിലയിൽ ലോകമെങ്ങും ആശങ്ക സൃഷ്ടിച്ച യുദ്ധമായിരുന്നു ഇത്.
ഇന്ത്യ തങ്ങളുടെ സുരക്ഷയ്ക്കും കൂടുതൽ യുദ്ധോപകരണങ്ങൾക്കും പണം ചിലവിടാൻ ഈ യുദ്ധം കാരണമായി.പാകിസ്ഥാനിൽ പട്ടാളം ഭരണം പിടിച്ചെടുക്കുന്നതിനും കാർഗിൽ യുദ്ധം കാരണമായി.
ഇരുരാജ്യങ്ങളും അംഗീകരിച്ച നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റശ്രമങ്ങൾ ഇന്നത്തെ പോലെ തന്നെ പണ്ടും സജീവമായിരുന്നു. ഇരുരാജ്യങ്ങളും അണുപരീക്ഷണങ്ങൾ നടത്തി ആണവശക്തി കൂടി ആയതോടെ മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമായി. 1999 ഫെബ്രുവരിയിൽ ലാഹോർ പ്രഖ്യാപനത്തിൻ്റെ ഭാഗമായി ഇരു രാജ്യങ്ങളും സമാധാന ഉടമ്പടി ഒപ്പുവെച്ചിരുന്നെങ്കിലും പാകിസ്ഥാൻ കരസേന,അർദ്ധസൈനിക സേന എന്നിവയെ രഹസ്യമായി പരിശീലിപ്പിക്കുകയും ഇന്ത്യൻ ഭാഗത്തേക്ക് അയക്കുകയും ചെയ്തു.
ഇന്ത്യൻ സൈന്യത്തെ സിയാച്ചിനിൽ നിന്നും പിൻവലിക്കാൻ നിർബന്ധിതമാക്കുകയും അത് വഴി ലോകശ്രദ്ധ കൊണ്ടുവന്ന് കശ്മീർ മേഖല സ്വന്തമാക്കുകയുമായിരുന്നു പാക് ലക്ഷ്യം.ആദ്യമായി ഇന്ത്യൻ പ്രദേശത്തെ ഉന്നത താവളങ്ങൾ രഹസ്യമായി പിടിച്ചെടുക്കാനാണ് പാകിസ്ഥാൻ ശ്രമിച്ചത്. തണുപ്പ് കാലത്ത് -50 ഡിഗ്രി വരെ പോകുന്ന കാലവസ്ഥയിൽ ശൈത്യകാലത്തിന് ശേഷം വസന്തകാലത്താണ് ഇവിടെ സൈന്യം തിരികെയെത്താറുള്ളത്.
1999ൽ പാകിസ്ഥാൻ നിശ്ചയിക്കപ്പെട്ട സമയത്തിന് മുൻപ് തന്നെ ഈ താവളങ്ങളിൽ എത്തുകയും മെയ് തുടക്കത്തോടെ 130ഓളം വരുന്ന കാവൽതാവളങ്ങളുടെ നിയന്ത്രണം സ്വന്തമാക്കുകയും ചെയ്തു. ഈ സമയം സൈന്യവിന്യാസം ഇല്ലാത്തതിനാൽ ഇന്ത്യൻ സൈന്യം ഈ നുഴഞ്ഞുകയറ്റത്തെ പറ്റി അറിഞ്ഞതുമില്ല. പിന്നീട് ഈ മേഖലയിൽ റോന്ത് ചുറ്റാനിറങ്ങിയ ഒരു ഇന്ത്യൻ സംഘത്തിന് നേരെ ആക്രമണമുണ്ടായതോടെയാണ് അധിനിവേശത്തെ പറ്റി വിവരം ലഭിച്ചത്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ നിയന്ത്രണം തിരിച്ചുപിടിക്കാനാകുമെന്നാണ് ഇന്ത്യ കരുതിയതെങ്കിലും ഭൂപ്രകൃതിയും കാലാവസ്ഥയും വലിയ തടസം സൃഷ്ടിച്ചു. ഓപ്പറേഷൻ വിജയ് എന്നായിരുന്നു ഈ നീക്കത്തിന് ഇന്ത്യ നൽകിയ പേര്. 5000ത്തോളം വരുന്ന പാക് നുഴഞ്ഞുകയറ്റക്കാർക്കെതിരെ 30,000 ത്തിന് അടുത്ത് വരുന്ന ഇന്ത്യൻ സൈനികർ വിന്യസിക്കപ്പെട്ടു.
ഉയരം കൂടിയ പ്രദേശങ്ങളായതിനാൽ മേഖലയിലേക്ക് ചരക്ക് നീക്കം നടത്താൻ ദേശീയപാത മാത്രമായിരുന്നു വഴിയായുണ്ടായിരുന്നത്. എന്നാൽ പാകിസ്ഥാൻ ആക്രമണം ശക്തമാക്കി ഈ ദേശീയപാത തകർത്തതോടെ ഇന്ത്യൻ സൈന്യത്തിന് കാര്യങ്ങൾ ദുഷ്കരമായി. ഇതിനിടെ പാകിസ്ഥാൻ്റെ പങ്കിനെ പറ്റിയുള്ള രേഖകൾ പുറത്തുവന്നു.
ജൂൺ ആദ്യവാരത്തോട് കൂടി ഇന്ത്യ സുപ്രധാനമായ കേന്ദ്രങ്ങൾ തിരിച്ചുപിടിച്ചു. ജൂൺ 29ഓടെ ടൈഗർ ഹില്ലിനടുത്തുള്ള സുപ്രധാന പോയിൻ്റുകൾ കൈവശപ്പെടുത്താൻ സാധിച്ചെങ്കിലും ജൂലൈ നാലിനാണ് ടൈഗർ ഹിൽ കൈവശപ്പെടുത്താൻ ഇന്ത്യക്കായത്. 5,500 മീറ്റർ ഉയരത്തിൽ വരെ പല അക്രമണങ്ങളും നടന്നു. താപനില ഈ സമയം -15 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇതും ഇന്ത്യയുടെ മുന്നേറ്റത്തീന് തടസം സൃഷ്ടിച്ചു. പാക് നിയന്ത്രണരേഖ ലംഘിച്ചാൽ ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള വിതരണ ശൃംഖല തകർക്കാൻ കഴിയുമെങ്കിലും നിയന്ത്രണരേഖ ലംഘിക്കുന്നത് സമ്പൂർണ്ണ യുദ്ധത്തിലേക്ക് നയിക്കുമെന്നതും ഇന്ത്യയ്ക്ക് അന്താരാഷ്ട്ര പിന്തുണ നഷ്ടമാകാൻ കാരണമാകും എന്നതിനാൽ ആ പദ്ധതി ഒഴിവാക്കപ്പെട്ടു.
ഇതിനിടെ പാകിസ്ഥാൻ കരസേന രഹസ്യമായി ഇന്ത്യക്കെതിരെ ആണവായുധം നടത്താൻ പദ്ധതിയിട്ടുവെന്ന വാർത്തകളും പുറത്തുവന്നു. ജൂലൈ നാലോട് കൂടി പാകിസ്ഥാൻ പിന്തുണയുള്ളവരെ പിൻവലിക്കാമെന്ന് അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സമ്മതിച്ചു. ഇതിനെ ചില തീവ്രവാദികൾ എതിർത്തു. അവർക്കെതിരെ ഇന്ത്യൻ കരസേന അവസാന ആക്രമണം നടത്തുകയും ജൂലൈ 26ന് പ്രദേശത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഈ ദിവസം ഇന്ത്യയുടെ കാർഗിൽ വിജയദിവസം എന്നറിയപ്പെടുന്നു.