Sanju Samson: ഇതൊരു തുടക്കം മാത്രം, അവനിൽ നിന്നും ഇനിയുമേറെ വരാനിരിക്കുന്നു

ഐപിഎല്ലിൽ മലയാളിതാരത്തിൻ്റെ പ്രകടനത്തെ സ്ഥിരമായി അഭിനന്ദിക്കുന്ന താരമാണ് ഇയാൻ ബിഷപ്പ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ജൂലൈ 2022 (12:27 IST)
വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ മികച്ച പ്രകടനത്തോടെ ശ്രദ്ധനേടി ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ. ഐപിഎല്ലിലെ മികവ് ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് പകർത്താൻ കഴിയാത്ത താരമെന്ന വിമർശനം നേരിടുന്ന സഞ്ജു തൻ്റെ മൂന്നാമത്തെ മാത്രം ഏകദിനമത്സരത്തിൽ തന്നെ അർധസെഞ്ചുറി നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. സഞ്ജുവിൻ്റെ പ്രകടനത്തിൽ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് വിൻഡീസ് മുൻ പേസറും വിഖ്യാത കമൻ്റേറ്ററുമായ ഇയാൻ ബിഷപ്പ്.

ഐപിഎല്ലിൽ മലയാളിതാരത്തിൻ്റെ പ്രകടനത്തെ സ്ഥിരമായി അഭിനന്ദിക്കുന്ന താരമാണ് ഇയാൻ ബിഷപ്പ്. വിൻഡീസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും സഞ്ജുവും ശ്രേയസ് അയ്യരും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുക്കെട്ടാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. 51 പന്തിൽ നിന്ന് മൂന്ന് വീതം സിക്സറുകളും ഫോറുകളും ഉൾപ്പടെ 54 റൺസാണ് സഞ്ജു നേടിയത്. സഞ്ജുവിൻ്റെ ഒട്ടേറെ ഫിഫ്റ്റികളുടെ തുടക്കമാണ് ഇതെന്ന് നിരവധി ആരാധകർ ആശിക്കുന്നു എന്നാണ് ബിഷപ്പിൻ്റെ ട്വീറ്റ്.

മൂന്ന് ഏകദിന മത്സരങ്ങളിൽ 46,12, 54 എന്നിങ്ങനെയാണ് സഞ്ജുവിൻ്റെ സ്കോറുകൾ. ഇന്നത്തെ പ്രകടനത്തോടെ വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലും സഞ്ജു കളിക്കാനുള്ള സാധ്യതകൾ ഏറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :