ജാഫ്രാബാദ് ഒഴിപ്പിച്ചതോടെ ഇനി രണ്ടാം ഷഹീൻബാഗ് ഉണ്ടാകില്ല, വിഷം തുപ്പി വീണ്ടും കപിൽ മിശ്ര

അഭിറാം മനോഹർ| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (14:54 IST)
വടക്ക് കിഴക്കൻ ഡൽഹിയിൽ നടക്കുന്ന സംഘർഷങ്ങളിൽ വീണ്ടും വിവാദപരാമർശവുമായി ബിജെപി നേതാവ് കപിൽ മിശ്ര. ജാഫ്രാബാദ് ഒഴിപ്പിച്ചതോടെ ഇനി രണ്ടാം ഷഹീൻബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായതായി മിശ്ര ട്വിറ്ററിൽ പ്രതികരിച്ചു. ജാഫ്രാബാദിൽ മറ്റൊരു ഷഹീൻബാഗ് ഉണ്ടാകാൻ അനുവദിക്കരുതെന്ന് ഡൽഹി സംഘർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ പറഞ്ഞിരുന്നു.

ഷഹീൻബാഗ് മാതൃകയിൽ ജാഫ്രാബാദിൽ പൗരത്വനിയമഭേദഗതിക്കെതിരെ ശനിയാഴ്ച്ചയാണ് സ്ത്രീകളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.തുടർന്ന് ഞായറാഴ്ച വൈകീട്ടോടെ ഭേദഗതിയെ അനുകൂലിച്ച് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ മോജ്പുരില്‍ പ്രകടനം നടന്നു. ഇതാണ് പിന്നീട് ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘർഷത്തിലേക്ക് നീങ്ങിയത്.

പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസിന് മൂന്ന് ദിവസത്തെ സമയം നല്‍കുന്നു. ഇല്ലെങ്കില്‍ ഞങ്ങള്‍ ഇടപെടുമെന്നും പിന്നീട് ആര് പറഞ്ഞാലും കേൽക്കില്ലെന്നുമായിരുന്നു കപിൽ മിശ്ര ജാഫ്രാബാദ് വിഷയത്തിൽ പറഞ്ഞത്. ഈ പരാമർശത്തിന് ദിവസങ്ങൾക്കകമാണ് ഡൽഹി അക്രമണങ്ങൾക്ക് വഴിമാറിയത്.മിശ്രയുടെ വിവാദ പരാമര്‍ശത്തിനെതിരെ ബിജെപിക്കുള്ളിൽ തന്നെ അതൃപ്തി നിലനിൽക്കേയാണ് കപിൽ മിശ്ര പുതിയ പരാമർശവുമായി എത്തിയിരിക്കുന്നത്.

അതേസമയം സംഘർഷത്തിൽ കൊല്ലപ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ വൈകിപ്പിക്കുന്നുവെന്നും ആരോപിച്ച് കപിൽ മിശ്ര രംഗത്തെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :