ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി കല്യാൺ സിങ് അന്തരിച്ചു

അഭിറാം മനോഹർ| Last Modified ഞായര്‍, 22 ഓഗസ്റ്റ് 2021 (08:44 IST)
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാൺ സിങ്(89) അന്തരിച്ചു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധ, മറ്റ് വാർധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയെ തുടർന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1991 ജൂൺ മുതൽ 1992 ഡിസംബര്‍ വരെയും 1997 സെപ്റ്റംബര്‍ മുതല്‍ 1999 നവംബര്‍ വരെയുമാണ് കല്യാൺ സിങ് യുപി മുഖ്യമന്ത്രിയായിരുന്നത്. ബാബ്‌റി മസ്‌ജിദ് തകർപ്പെട്ട സമയത്ത് കല്യാൺ സിങ് ആയിരുന്നു യുപി മുഖ്യമന്ത്രി. 2014 മുതല്‍ 2019 വരെ രാജസ്ഥാന്റെ ഗവര്‍ണര്‍ പദവിയും കല്യാണ്‍ സിങ് വഹിച്ചിട്ടുണ്ട്.

ബാബറി മസ്‌ജിദ് സംഭവത്തിന് പിന്നാലെ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ് രാജിവെച്ചിരുന്നു. അതേദിവസം തന്നെ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. ബാബ്‌റി മസ്ജിദ് തകര്‍ക്കല്‍ കേസിൽ പ്രതിസ്ഥാനത്ത് കല്യാൺ സിങിന്റെ പേരും ഉണ്ടായിരുന്നു.ഗൂഢാലോചനക്കുറ്റമായിരുന്നു സിങ്ങിനു മേല്‍ ചുമത്തിയിരുന്നത്. എന്നാല്‍ പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന പ്രചാരണത്തിന് കല്യാൺ സിങ് ശക്തമായ പിന്തുണ നൽകിയിരുന്നു.

യു.പിയിലെ അത്രൗളിയില്‍ 1932 ജനുവരി അഞ്ചിനാണ് കല്യാൺ സിങിന്റെ ജനനം.1967-ല്‍ അത്രൗളി മണ്ഡലത്തില്‍നിന്നാണ് ആദ്യം ജനവിധി തേടുന്നത്. 1969, 1974, 1977, 1980, 1985, 1989, 1991, 1993, 1996, 2002 എന്നീ വര്‍ഷങ്ങളില്‍ ഇവിടെ
നിന്ന് ജയിച്ചു. 1989ൽ മാത്രമാണ് പരാജയം നേരിട്ടത്. 1980-ല്‍ ഉത്തര്‍ പ്രദേശ് ബി.ജെ.പി. ജനറല്‍ സെക്രട്ടറിയായി. 1984-ല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദത്തിലുമെത്തി.

1999-ല്‍ ബി.ജെ.പി വിട്ട കല്യാണ്‍ സിങ് രാഷ്ട്രീയ ക്രാന്തി പാര്‍ട്ടി രൂപവത്കരിച്ചു. 2002-ല്‍ ആര്‍.കെ.പി. സ്ഥാനാര്‍ഥിയായി നിയമസഭയിലെത്തി. 2004ൽ കല്യാൺ സിങ് ബിജെപിയിൽ തിരികെയെത്തി. എന്നാൽ 2009-ല്‍ വീണ്ടും ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചു. 2010-ല്‍ ജന്‍ ക്രാന്തി എന്ന പാര്‍ട്ടി രൂപവത്കരിച്ചു. 2013-ല്‍ ജന്‍ ക്രാന്തി പാർട്ടി ബിജെപിയിൽ ലയിച്ചു. 2014ൽ സിങ് ബിജെപിയിൽ വീണ്ടും മടങ്ങിയെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :