അഭിറാം മനോഹർ|
Last Modified തിങ്കള്‍, 31 മെയ് 2021 (12:22 IST)
ഉത്തർപ്രദേശിൽ ഒരു മാസത്തിനിടെ കൊവിഡ് കേസുകളിൽ 95 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി സംസ്ഥാന സർക്കാരിന്റെ അവകാശവാദം. സംസ്ഥാന സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ യുപിയിൽ 1098 കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തതെന്നും സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് യുപിയിൽ പ്രതിദിനകേസുകൾ രണ്ടായിരത്തിൽ താഴുന്നത്. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 87 ശതമാനത്തിന്റെ ഇടിവുണ്ടായെന്നും നിലവിൽ 41,214 സജീവ കേസുകൾ മാത്രമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും സർക്കാർ വ്യക്തമാക്കി. ഉത്തർപ്രദേശ് സർക്കാരിന്റെ യോഗി മോഡൽ(ടെസ്റ്റ്-ട്രെയ്‌സ്-ട്രീറ്റ്) ആണ് വ്യാപനം നിയന്ത്രിക്കാൻ സഹായിച്ചതെന്നാണ് സർക്കാർ വാദം. യുപിയിൽ നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി ഒരു ശതമാനത്തിലും താഴെയാണെന്നും സർക്കാർ വ്യക്തമാക്കി.