ശബ്ദമില്ലാതെ പതുങ്ങിയിരിക്കും, ശക്തമായി ആക്രമിക്കും; വരുന്നു നാവികസേനയ്ക്ക് കരുത്തായി കാല്‍‌വരി മുങ്ങിക്കപ്പല്‍

മുംബൈ| VISHNU N L| Last Updated: വെള്ളി, 30 ഒക്‌ടോബര്‍ 2015 (16:40 IST)
പ്രവര്‍ത്തനം ഡീസല്‍ എഞ്ചിനില്‍, എന്നാലോ ശത്രുവിന് കേളക്കാനാകാതെ കടലിന്റെ ആഴങ്ങളില്‍ പതുങ്ങിക്കിടക്കും, കപ്പലുകളും അന്തര്‍വാഹിനികളും ഒളിഞ്ഞിരുന്ന് തകര്‍ത്തുകളയും, ഏറെനേരം സമുദ്രത്തില്‍ മറഞ്ഞിരിക്കും ഇതൊക്കെയാണ് നാവികസേനയുടെ പുതിയ പോരാളിയായ കാല്‍‌വരി മുങ്ങിക്കപ്പലുകള്‍ക്കുള്ളത്. ഫ്രാന്‍സിന്റെ സഹകരണത്തോടെ മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ നിര്‍മിക്കുന്ന ഈ കപ്പല്‍ ശ്രേണിയിലെ ആദ്യത്തേത് പരീക്ഷണങ്ങള്‍ക്കായി സജ്ജമായിക്കഴിഞ്ഞു.

ഫ്രഞ്ച് സഹകരണത്തോടെ നിര്‍മിക്കുന്ന ആറ് മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേതാണ് വ്യാഴാഴ്ച കടല്‍ പരീക്ഷണങ്ങള്‍ക്ക് സജ്ജമായത്. ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചതാണെങ്കിലും 67 മീറ്റര്‍ നീളമുള്ള ഈ മുങ്ങിക്കപ്പല്‍ കുറഞ്ഞ ശബ്ദം മാത്രമേ പുറപ്പെടുവിക്കൂ. അതിനാല്‍ ശബ്ദരഹിതമായി ശത്രു ദൃഷ്ടികളില്‍നിന്നു മറഞ്ഞ് ഏറെ സമയം വെള്ളത്തിനടിയില്‍ കഴിയാന്‍ കഴിവുണ്ട്. കപ്പല്‍വേധ മിസൈലുകളും ടോര്‍പിഡോകളും ഘടിപ്പിച്ചവയാണ് ഈ മുങ്ങിക്കപ്പല്‍.

എല്ലാ പരീക്ഷണങ്ങളും വിജയിച്ചാല്‍ അടുത്ത സപ്തംബറില്‍ ഇവയിലാദ്യത്തേത് നാവികസേനയുടെ കപ്പല്‍പ്പടയില്‍ പങ്കുചേരും. സ്‌കോര്‍പീന്‍ വിഭാഗത്തില്‍പ്പെട്ട 'കാല്‍വരി' മുങ്ങിക്കപ്പലാണ് ബുധനാഴ്ച സമുദ്രത്തിലിറക്കിയത്. വ്യാഴാഴ്ച അത് വീണ്ടും മസ്ഗാവ് ഡോക്കില്‍ അടുത്തു. ഏപ്രിലില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് ഈ കപ്പല്‍ നീറ്റിലിറക്കിയത്. 360 കോടി ഡോളര്‍ (20,000 കോടി രൂപയോളം) ചെലവിലാണ് ഈ ആറ് മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :