ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ട്‍; ആശുപത്രിയിലേക്ക് അണികളുടെ പ്രവാഹം

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്

ചെന്നൈ| സജിത്ത്| Last Modified ഞായര്‍, 9 ഒക്‌ടോബര്‍ 2016 (13:30 IST)
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍. ജയലളിതയ്ക്ക് ഫിസിയോ തെറാപ്പി നല്‍കിവരുന്നുണ്ടെന്നും ശ്വസനം സുഗമമാക്കുന്നതിനായുള്ള ചികിത്സ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കുന്നതിനായി പല ദേശീയനേതാക്കളും ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തി. വെള്ളിയാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപ്പോളോ ആശുപത്രിയില്‍ എത്തിയെങ്കിലും ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുമതി നല്കിയിരുന്നില്ല.

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ എം ഡി എം കെ നേതാവ് വൈക്കോയും പ്രതിപക്ഷനേതാവും ഡിഎംകെ ട്രഷററുമായ എം കെ സ്റ്റാലിനും ശനിയാഴ്ച ആശുപത്രിയില്‍ എത്തി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച കാര്യങ്ങള്‍ ആരായുകയും ചെയ്തിരുന്നു.

ആശുപത്രിയ്ക്ക് മുന്നില്‍ ജയലളിതയ്ക്കായി പൂജകളും പ്രാര്‍ത്ഥനകളുമായി പാര്‍ട്ടി പ്രവര്‍ത്തകരുടേയും അമ്മ ഭക്തരുടേയും തിരക്കാണ്. കുറച്ചുനാള്‍ കൂടി ജയലളിതയ്ക്ക് ചികിത്സ തുടരേണ്ടിവരുമെന്ന ഡോക്ടര്‍മാര്‍മാരുടെ അറിയിപ്പിനെ തുടര്‍ന്ന് അമ്മയ്ക്കായി ആശുപത്രി പരിസരത്ത് തമ്പടിച്ചിരിക്കുകയാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :