അമ്മ വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയാകും; പനീര്‍ശെല്‍വം രാജിവെച്ചു

എഐഎഡിഎംകെ , ജയലളിത , ചെന്നൈ , പനീര്‍ശെല്‍വം
ചെന്നൈ| jibin| Last Updated: വെള്ളി, 22 മെയ് 2015 (12:27 IST)
അനധികൃത സ്വത്ത്സമ്പാദന കേസില്‍ കുറ്റവിമുക്തയായി തിരിച്ചെത്തിയ എഐഎഡിഎംകെ നേതാവ് വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയാകും. ഇന്നുരാവിലെ ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം ജയലളിതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇതോടെയാണ് ഏഴുമാസങ്ങള്‍ക്കുശേഷം വീണ്ടും ജയലളിത മുഖ്യമന്ത്രിയാകുന്നത്. ഇതേത്തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ഒ പനീര്‍ശെല്‍വം രാജിവെച്ചു.

എട്ടുമണിയോടെ രാജ്ഭവനിലെത്തി, ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. പനീര്‍ശെല്‍വത്തിന്റെയും മന്ത്രിസഭാംഗങ്ങളുടെയും രാജി സ്വീകരിച്ച ഗവര്‍ണര്‍ കെ റോസയ്യ ജയലളിതയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചതായി രാജ്ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു. പുതിയ മന്ത്രിമാരുടെ പട്ടിക നല്‍കാന്‍ ഗവര്‍ണര്‍ ജയലളിതയോട് അഭ്യര്‍ഥിച്ചു.

മദ്രാസ് സര്‍വകലാശാലയിലെ സെന്‍റിനറി ഓഡിറ്റോറിയത്തിലായിരിക്കും സത്യപ്രതിജ്ഞ. ചടങ്ങില്‍ കേന്ദ്രമന്ത്രിമാരില്‍ പ്രമുഖരാരെങ്കിലും പങ്കെടുക്കുമെന്നും സൂചനയുണ്ട്. ഇന്ന് രണ്ട് പൊതുപരിപാടികളിലും ജയലളിത പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയാകുന്നതിനു മുന്നോടിയായി എംജിആര്‍, പെരിയാര്‍ പ്രതിമകളില്‍ ജയലളിത പുഷ്പാര്‍ച്ചന നടത്തും. സ്വത്തുകേസില്‍ ശിക്ഷിക്കപ്പെട്ടതിനു ശേഷം ജയലളിത പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടികളാകും ഇത്. പരിപാടി വലിയ ആഘോഷമാക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.

66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ജയലളിതയെ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ആഴ്‌ച കുറ്റവിമുക്തയാക്കിയത്. ജയലളിതക്ക് നാല് വര്‍ഷത്തെ ശിക്ഷയും 100 കോടി രൂപ പിഴയും വിധിച്ച പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയാണ് കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയത്. ജയയ്ക്ക് പുറമെ, തോഴി ശശികല, ഇവരുടെ സഹോദരീ പുത്രൻ വി.എൻ.സുധാകരൻ, സഹോദര ഭാര്യ ജെ ഇളവരശി എന്നിവർക്കെതിരെ വിചാരണക്കോടതി ശരിവച്ച എല്ലാ കുറ്റങ്ങളും ഹൈക്കോടതി പ്രത്യേക ബെഞ്ച് റദ്ദാക്കിയിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :