സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നില്ലെങ്കില്‍ ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ഒമര്‍ അബ്‌ദുള്ള

ന്യൂഡല്‍ഹി| Sajith| Last Modified തിങ്കള്‍, 18 ജനുവരി 2016 (15:24 IST)
ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്‍റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്‌ട്രീയ അനിശ്ചിതാവസ്ഥ നീക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ
ഒമര്‍ അബ്‌ദുള്ള അഭിപ്രായപ്പെട്ടു.

മെഹ്‌ബൂബ മുഫ്തിക്ക് ബി ജെ പി സഖ്യവുമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജമ്മു കശ്മീരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തുമാസക്കാലമായി പിഡിപി-ബിജെപി സഖ്യമായിരുന്നു ജമ്മു കശ്മീരിൽ ഭരണം നടത്തിയിരുന്നത്.

ബി ജെ പിയുമായി ഒരു ഉപാധികളും മുന്നോട്ടു വയ്ക്കാതെ സഖ്യകക്ഷി ഭരണം തുടരാന്‍ ഞായറാഴ്ച ചേര്‍ന്ന പിഡിപി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇരു പാര്‍ട്ടികളും തമ്മില്‍ കൈക്കൊണ്ട കൂട്ടുഭരണ അജണ്ട തുടര്‍ന്നും നടപ്പാക്കും. അതേസമയം, സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് എന്നാണെന്ന്
തീരുമാനമായിട്ടില്ല.

മെഹ്‌ബൂബ മുഫ്തിയെ നിയമസഭാ കക്ഷി നേതാവായി യോഗം തെരഞ്ഞെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ രൂപവത്കരിക്കേണ്ടത് എന്നാണെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മെഹബൂബയാണെന്നും പിഡിപി നേതാവും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ നയിം അക്തര്‍ പറഞ്ഞു.

ജനുവരി ഏഴിന് മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ച ശേഷം പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതു കൊണ്ട് സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :