അഭിറാം മനോഹർ|
Last Modified വ്യാഴം, 11 ജനുവരി 2024 (18:36 IST)
ലക്ഷദ്വീപില്‍ ഫോട്ടോ ഷൂട്ട് നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്രായേലിന്റെ പാവയെന്ന് മാലദ്വീപ് മന്ത്രി ആക്ഷേപിച്ചത് വിവാദമായതിനെ തുടര്‍ന്ന് ലക്ഷദ്വീപിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് ഇസ്രായേല്‍ എംബസി. ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഇസ്രായേല്‍ എംബസി എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്.
ഇസ്രായേല്‍ സഹകരണത്തോടെ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന സമുദ്ര ജലശുദ്ധീകരണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രങ്ങളാണ് ഇസ്രായേല്‍ എംബസി പങ്കുവെച്ചത്. പദ്ധതി ഉടനെ ആരംഭിക്കാന്‍ ഇസ്രായേല്‍ തയ്യാറാണെന്നും ലക്ഷദ്വീപിന്റെ അതിമനോഹരമായ സൗന്ദര്യം ഇതുവരെയും ആസ്വദിക്കാത്തവര്‍ ആസ്വദിക്കുക എന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ്. ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള ഹാഷ്ടാഗും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രിയെ ആക്ഷേപിച്ച സംഭവത്തില്‍ മാലദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. ടൂറിസ്റ്റ് കേന്ദ്രമായ മാലിദ്വീപിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഇന്ത്യയില്‍ നിന്നാണ് മാലിദ്വീപിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത്.