ന്യൂഡല്‍ഹി|
vishnu|
Last Modified ശനി, 14 ഫെബ്രുവരി 2015 (11:28 IST)
ഇറാഖ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയയെ നിരോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യുഎപിഎ) പ്രകാരമാണ് നിരോധനം.
അനുബന്ധ ഭീകരസംഘടനകളായ ഐഎസ്സ്ഐഎല്ലും, ഐഎസ്സും ഇതോടൊപ്പം നിരോധിക്കും.
ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഭീകരസംഘടനകളില്‍ ചേരാന്‍ സിറിയയിലേക്ക് യുവാക്കള്‍ വ്യാപകമായി കടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളേത്തുടര്‍ന്നാണ് നിരോധനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്ന ബംഗളൂരു ഐടി ഉദ്യോഗസ്ഥന്‍ മെഹ്ദി ബിശ്വാസിന്റെ അറസ്റ്റോടെയാണ് ഇന്ത്യയില്‍ ഈ തീവ്രവാദികള്‍ ശക്തിപ്രാപിക്കുന്നു എന്ന് വ്യക്തമായത്. ഇതിനേ തുടര്‍ന്നാണ് നിരോധനം കൊണ്ടുവരാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ബന്ധിതരായത്.
നിരോധനം വരുന്നതോടെ ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നവര്‍ക്കും, അതിന്റെ ആശയം പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ നടപടികള്‍ എടുക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് എളുപ്പത്തില്‍ സാധിക്കും. നിരോധനം ഏര്‍പ്പെടുത്തിയുളള വിഞ്ജാപനം ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. ഐഎസ്സ് ഉള്‍പ്പടെയുളള പശ്ചിമേഷ്യന്‍ ഭീകരസംഘടനകള്‍ ഇന്ത്യയില്‍ നിരോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംങ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു.