ശത്രുവിന്റെ ഹൃദയം തകര്‍ക്കാന്‍ വരുന്നു ഇന്ത്യയുടെ ന്യൂജന്‍ വിമാനവാഹിനിക്കപ്പല്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (14:40 IST)
പ്രതിരോധ രംഗത്ത് അന്താരാഷ്ട്ര ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യ അമേരിക്കയുമായി ചേര്‍ന്ന് പുതിയ വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരിക്കാന്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന വിമാനവാഹിനി നിര്‍മ്മിക്കാനാണ് ഇന്ത്യയു, അമേരിക്കയും സഹകരിക്കുന്നത്.

ഇത്തരത്തിലൊന്ന് രാജ്യാന്തര തലത്തില്‍ ആദ്യത്തേതാണ്. സ്വന്തം പ്രതിരോധ രഹസ്യങ്ങള്‍ ഇന്നേവരെ അമേരിക്ക ആരുമായും പങ്കുവച്ചിട്ടില്ല. ഇന്ത്യയുമായി സഹകരിക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ മേഖലയില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിക്കുന്നത് മുന്നില്‍കണ്ടാണെന്നാണ് സൂചന. പ്രതിരോധ രംഗത്ത് കൂടുതല്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയും അമേരിക്കയും സഹകരിക്കുമെന്നാണ് സൂചന.

നടപടികളുടെ ഭാഗമായി ഇന്ത്യന്‍ നേവി വൈസ് അഡ്മിറല്‍ എസ്‌പി‌എസ് ചീമയുടെ നേതൃത്ത്വത്തിലുള്ള സംഘങ്ങള്‍ അമേരിക്കയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അത്യാധുനിക വിമാനവാഹിനിക്കപ്പല്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നടപടികളുടെ ഭാഗമായി അമേരിക്കന്‍ സംഘം ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇന്ത്യയുമായി ചേര്‍ന്ന് പ്രതിരോധ രംഗത്ത് അത്യാധുനിക ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണില്‍ പ്രത്യേകം സെല്‍ ആരംഭിച്ചിരുന്നു.

ഇന്ത്യ റാപ്പിഡ് റിയാക്ഷന്‍ സെല്‍ എന്നാണിതിന്റെ പേര്. അമേരിക്ക ആദ്യമായാണ് മറ്റൊരു രാജ്യത്തിനായി ഒരു സെല്‍ ആരംഭിക്കുന്നത്. ഈ മാസം നടക്കുന്ന യു‌എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :