ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (16:46 IST)
തദ്ദേശീയമായി നിര്‍മ്മിച്ചിരിക്കുന്ന മിസൈലുകള്‍ കയറ്റുമതി ചെയ്ത് പണം വാരാന്‍ ഇന്ത്യയും തയ്യാറെടുക്കുന്നു. ഇതോടെ ആയുധ കയറ്റുമതി രംഗത്തേക്ക് ഇന്ത്യയും പ്രവേശിക്കുകയാണ്.
നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ച മിസൈല്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണു പ്രതിരോധ വ്യവസായ രംഗത്ത് ഇന്ത്യയ്ക്കു വലിയ നേട്ടം നല്‍കുന്ന പദ്ധതിയെക്കുറിച്ച് ആലോചന നടക്കുന്നത്.
മിസൈല്‍ കയറ്റുമതിയെക്കുറിച്ച് ആലോചിക്കുന്നതായി പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് അവിനാശ് ചന്ദര്‍ അറിയിച്ചു. പ്രതിരോധ ഉപകരണങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മിക്കണമെന്നും കഴിയുമെങ്കില്‍ അവ കയറ്റുമതി ചെയ്യണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായമെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍റെ (ഡിആര്‍ഡിഒ) ഡയറക്റ്റര്‍ ജനറല്‍ കൂടിയായ അവിനാശ് പറയുന്നു.
കയറ്റുമതിക്ക് കൂടി യുദ്ധോപകരണങ്ങള്‍ നിര്‍മിക്കാനാണ് പുതിയ സര്‍ക്കാര്‍ ആലോചിക്കുന്നത്. നിരവധി രാജ്യങ്ങള്‍ ഇന്ത്യന്‍ നിര്‍മിത മിസൈലുകള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവിനാശ്. എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഒഫ്
ഇന്ത്യ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎന്‍എസ് വിക്രമാദിത്യ രാഷ്ട്രത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ ചെറിയ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ മാറണമെന്നു മോഡി നിര്‍ദേശിച്ചിരുന്നു. ആകാശ്, പ്രഹര്‍,റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച ബ്രഹ്മോസ് എന്നീ മിസൈലുകള്‍ കയറ്റുമതി ചെയ്യാവുന്നതായാണ് കണക്കാക്കുന്നത്.
രാജ്യത്തിന് കപ്പല്‍, കടല്‍, വിമാനം, അന്തര്‍വാഹിനി തുടങ്ങി എല്ലാ സാഹചര്യങ്ങളില്‍ നിന്നും തൊടുക്കാവുന്ന മിസൈലുകള്‍ സ്വന്തമായുണ്ടെന്നും ഇനി വിമാനത്തില്‍ നിന്നു പ്രയോഗിക്കാവുന്ന സൂപ്പര്‍ സോണിക് ക്രൂസ് മിസൈലുകളാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും അവിനാശ് ചന്ദര്‍ പറഞ്ഞു.
2020 തോടെ മിസൈല്‍ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നു പറഞ്ഞ അവിനാശ് പുതിയ
സര്‍ക്കാരില്‍ നിന്നും നല്ല പിന്തുണ പ്രതീക്ഷിക്കുന്നതായും എയര്‍ക്രാഫ്റ്റ് നിര്‍മാണത്തില്‍ ബ്രസീല്‍ കമ്പനിയായ എംപററുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും പറഞ്ഞു.