Last Modified ശനി, 27 ജൂലൈ 2019 (15:42 IST)
ബിഹാറിലെ മഹാദേവ ഗ്രാമത്തിലെ വയലിൽ പതിച്ചത് ഉൽക്കയെന്ന് സംശയം. 13 കിലോ ഭാരമുള്ള കാന്തിക ആകർഷണമുള്ള വസ്തുവാണ് കഴിഞ്ഞ ദിവസം വയലിൽ പതിച്ചത്. പാറക്കല്ലിനോട് സാമ്യമുള്ള വസ്തു ഇപ്പോൾ ബിഹാർ മ്യൂസിയത്തിലാണ്. കൂടുതൽ പഠനത്തിനായി ഇതിനെ ശ്രീകൃഷ്ണ സയൻസ് സെന്ററിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി.
ഉൽക്കാശില തന്നെയാണിതെന്ന് ഉറപ്പിക്കാനുള്ള പരിശോധനയ്ക്കു വേണ്ടിയാണിത്. പൊട്ടിത്തകർന്ന അവസ്ഥയിലായിരുന്നു ഉൽക്കാശില. സാധാരണ പാറ പോലെയാണ് ഉൽക്കാശിലയുടെയും രൂപം. എന്നാൽ ഇവയ്ക്കു സമീപം ഇരുമ്പ് കൊണ്ടുവന്നാൽ ആകർഷിക്കും.
ഭൂമിക്കു നേരെ തീപിടിച്ചു പാഞ്ഞെത്തിയതിനാൽ ചൂടേറി പല ഭാഗങ്ങൾക്കും നല്ല തിളക്കമായിരിക്കും. അത്തരം തിളക്കമേറിയ ചില കഷണങ്ങളും ബിഹാറിലെ പാടത്തു നിന്നു ലഭിച്ചിട്ടുണ്ട്. ഉൽക്കയുടെയോ ഛിന്നഗ്രഹത്തിന്റെയോ ഭാഗമായതിനാലാണ് മുഴുവൻ കത്തിത്തീരും മുൻപ് ഭൂമിയിലേക്കെത്തുന്നത്.